കെപിസിസി പ്രസിഡണ്ട്‌ ശ്രീ. കെ സുധാകരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത എൽഡിഎഫ് സർക്കാർ നടപടിയിൽ ഐഒസി (യുകെ) നാഷണൽ കമ്മിറ്റിയും ഐഒസി (യുകെ) കേരള ചാപ്റ്ററും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നാളെ വൈകുന്നേരം ലണ്ടനിൽ വെച്ച് ഐഒസി (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ യോഗത്തിൽ എംപി രമ്യ ഹരിദാസ് പങ്കെടുക്കും. യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവർ പ്രതിഷേധ യോഗത്തിൽ അണിചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വ്യാജ രേഖ ചമയ്ക്കല്‍, അഴിമതി, ധൂർത്ത് തുടങ്ങിയ ആരോപണങ്ങളില്‍ വികൃതമായ സിപിഎമ്മിന്റെയും എൽഡിഎഫ് സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണ് കെ സുധാകരനെതിരെയുള്ള കള്ളക്കേസും അറസ്റ്റും.

ഹൈക്കോടതി കെ. സുധാകരന് ജാമ്യം അനുവദിച്ചിരുന്ന സാഹചര്യത്തില്‍, അറസ്റ്റ് ചെയ്യാനുള്ള തിടുക്കം തന്നെ ഈ കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുവെന്നു ഐഒസി (യുകെ) കേരള ഘടകം ആരോപിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെ. സുധാകരനെതിരായി കെട്ടിച്ചമച്ച കള്ളക്കഥ പൊളിയുന്നതിലെ ജാള്യതയാണ് അറസ്റ്റിനു പിന്നിൽ. വിരട്ടിയാൽ വിരളുന്ന ആളല്ല സുധാകരനെന്ന് അറിയുന്ന സിപിഎം, അദ്ദേഹത്തെയും, അതുവഴി കോൺഗ്രസ്‌ പാർട്ടിയെയും കുടുക്കാൻ തന്ത്രപരമായി സിപിഎം മെനഞ്ഞെടുത്ത കള്ളകഥയുടെ പൊള്ളത്തരം ജന തിരിച്ചറിഞ്ഞു കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു.

പല കേസുകളിലും പ്രതിയായ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കൊള്ളരുതായ്മകള്‍ പിടിക്കാന്‍ പോലീസിന് ഈ ശുഷ്‌കാന്തി കാണുന്നില്ല. തലപ്പത്തിരിക്കുന്നവര്‍ കേരളപോലീസിന്റെ അന്തസ്സ് കളഞ്ഞു. കേരളപോലീസിനെ അവര്‍ സര്‍ക്കാരിന്റെ എല്ലാ അഴിമതിക്കും വീട്ടുവേല ചെയ്യുന്നവരായി മാറ്റിയതായും ഐഒസി (യുകെ) ഭാരവാഹികൾ പറഞ്ഞു.