രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ചരിത്ര നേട്ടം. പേസ് ബോളർമാരുടെ മികവിൽ ടീം ആദ്യമായി രഞ്ജി ട്രോഫി സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചു. കേരളത്തിനെതിരെ 195 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് 81 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ ബേസിൽ തമ്പി അഞ്ചും സന്ദീപ് വാരിയർ നാലും വിക്കറ്റ് വീഴ്ത്തി. രണ്ടിന്നിങ്സിലുമായി ബേസില്‍ തമ്പിയും സന്ദീപ് വാരിയരും എട്ടുവിക്കറ്റ് വീതം വീഴ്ത്തി. ഒന്നാമിന്നിങ്സില്‍ പത്തുവിക്കറ്റും നേടിയത് ബേസില്‍, സന്ദീപ്, നിധീഷ് ത്രയമാണ്.

സ്കോർ: കേരളം – 185/9, 171. ഗുജറാത്ത് – 162, 81

നേരത്തെ, രണ്ടാം ഇന്നിങ്സിൽ 171 റൺസിനു പുറത്തായ കേരളം, ഒന്നാം ഇന്നിങ്സ് ലീഡായ 23 റൺസ് കൂടി ചേർത്താണ് സന്ദർശകർക്കു മുന്നിൽ 195 റൺസ് വിജയലക്ഷ്യമുയർത്തിയത്. ഒന്നാം ഇന്നിങ്സിൽ പരുക്കുമായി തിരിച്ചുകയറിയ സഞ്ജു സാംസണിനെ വരെ പത്താമനായി കളത്തിലിറക്കിയാണ് കേരളം രണ്ടാം ഇന്നിങ്സിൽ 171 റൺസ് നേടിയത്. ക്വാർട്ടർ കടമ്പ കടക്കാൻ പാർഥിവ് പട്ടേലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഗുജറാത്ത് നാലാം ഇന്നിങ്സിൽ നേടേണ്ടത് ഈ മൽസരത്തിലെ ഉയർന്ന സ്കോറാണ്. കേരളം ഒന്നാം ഇന്നിങ്സിൽ 185 റൺസും രണ്ടാം ഇന്നിങ്സിൽ 171 റൺസും േനടിയപ്പോൾ ഗുജറാത്ത് ഒന്നാം ഇന്നിങ്സിൽ 162 റൺസിനു പുറത്തായിരുന്നു

പേസ് ബോളർമാരുടെ പറുദീസയായി മാറിയ കൃഷ്ണഗിരിയിലെ പിച്ചിൽ പൊരുതിനിന്ന് അർധസെഞ്ചുറി നേടിയ സിജോമോൻ ജോസഫാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 148 പന്തുകൾ നേരിട്ട സിജോമോൻ, എട്ടു ബൗണ്ടറി സഹിതം 56 റൺസെടുത്തു. ജലജ് സക്സേന (67 പന്തിൽ ഏഴു ബൗണ്ടറി സഹിതം പുറത്താകാതെ 44), ക്യാപ്റ്റൻ സച്ചിൻ ബേബി (43 പന്തിൽ 24), വിനൂപ് ഷീല മനോഹരൻ (27 പന്തിൽ 16), പി.രാഹുൽ (32 പന്തിൽ 10) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

ഗുജറാത്തിനായി റൂഷ് കലാരിയ, അക്സർ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നഗ്വാസ്‌വല്ല രണ്ടും ചിന്തൻ ഗജ, പിയൂഷ് ചാവ്‌ല എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 96 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കിയ കേരളത്തിന്, ആറാം വിക്കറ്റിൽ സിജോമോൻ ജോസഫ്–ജലജ് സക്സേന സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് (55) കരുത്തായത്. നാലു വിക്കറ്റിന് 149 റൺസ് എന്ന നിലയിൽനിന്ന കേരളത്തിന് വെറും 22 റൺസിനിടെയാണ് ശേഷിച്ച ആറു വിക്കറ്റുകൾ നഷ്ടമായത്.

മുഹമ്മദ് അസ്ഹറുദ്ദീൻ (പൂജ്യം), വിഷ്ണു വിനോദ് (ഒൻപത്), ബേസിൽ തമ്പി (പൂജ്യം), എം.ഡി. നിധീഷ് (പൂജ്യം), സന്ദീപ് വാരിയർ (പൂജ്യം), സഞ്ജു സാംസൺ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്കോർ.