ലണ്ടൻ ∙ ഓക്സ്ഫഡ് സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റായി ഏതാനും ദിവസങ്ങൾക്കു മുൻപ് വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഉഡുപ്പി സ്വദേശി രശ്മി സാമന്ത് വിവാദങ്ങളെ തുടർന്ന് രാജിവച്ചു.
സമൂഹമാധ്യമങ്ങളിലെ രശ്മിയുടെ ചില പഴയ പോസ്റ്റുകളിൽ വംശീയതയും സഹിഷ്ണുതയില്ലായ്മയും ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ് രാജി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരിയായ പ്രസിഡന്റ് ആയിരുന്നു രശ്മി (22).
പ്രചാരണവേളയിൽ വനിതകളെയും ട്രാൻസ്ജെൻഡർ വനിതകളെയും രശ്മി വേറിട്ട് സൂചിപ്പിച്ചത് പ്രതിഷേധത്തിന് ഇടവരുത്തി. ഇതിനു പുറമേ ജർമൻ സന്ദർശനവേളയിൽ വംശഹത്യ നടന്ന സ്ഥലത്തെ ചിത്രത്തിന് നൽകിയ അടിക്കുറിപ്പും വിവാദമായി.
മലേഷ്യൻ സന്ദർശനവേളയിലെ ചിത്രത്തിന് ചിങ് ചാങ് എന്ന അടിക്കുറിപ്പ് നൽകിയതു ചൈനീസ് വിദ്യാർഥികളെ ചൊടിപ്പിച്ചു. ചൈനക്കാരെ കളിയാക്കാനാണ് പാശ്ചാത്യർ ചിങ് ചാങ് എന്നു വിളിക്കുന്നത്.
പരാമർശങ്ങളിൽ രശ്മി മാപ്പു പറഞ്ഞെങ്കിലും എതിർപ്പു വർധിച്ചതോടെ രാജിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
Leave a Reply