ജോസ്‌ന സാബു സെബാസ്റ്റ്യൻ

തെറി ഒരു ഇന്ററസ്റ്റിംഗ് ടോപ്പിക്ക് തന്നെയാണ് . പാലാ കാഞ്ഞിരപ്പള്ളിക്കാർക്ക് വല്യ തരക്കേടില്ലാതെ തെറിപറയാൻ അറിയാവുന്നവരുമാണ്. അതിന് തെളിവെന്നോണം മീഡിയാകളിൽ തെറിപറഞ്ഞു വീമ്പു കാണിച്ച പല അച്ചായന്മാരെയും നമുക്ക് പലർക്കും നേരിട്ട് അറിയാവുന്നതുമാണ് .

ശ്രീനാഥ് ഭാസിയുടെ ഈ കാര്യം കേട്ടപ്പോ മുതൽ പുള്ളിയുടെ തെറിയൊന്നു കേൾക്കാൻവേണ്ടി ഇന്റർവ്യൂ വീഡിയോ പലവട്ടി തിരിച്ചും മറിച്ചും ഇട്ടു നോക്കി . പക്ഷെ ഈ പറയണ ഒരു തെറിയൊന്നും ഞാൻ കേട്ടില്ല ….

അല്ലേലും ആ പുള്ളി പറഞ്ഞതൊക്കെ ഒരു തെറിയാണോ . നല്ല പുതുമയുള്ള തെറി കേൾക്കണേൽ, ആണ് പെൺ വ്യത്യാസമില്ലാതെ തെറിവിളിക്കുന്നൊരു വിദഗ്ദൻ കാഞ്ഞിരപ്പള്ളിയിലുണ്ട്‌. പക്ഷെ എന്തു കൊണ്ടോ പുള്ളിയുടെ തെറിവിളിയെല്ലാം പലരും ഒരു ചിരിയിലാണ് സംഗ്രഹിക്കാറ് .

ഈയിടെ ട്രെയിനിൽ യാത്രചെയ്തപ്പോൾ തൊട്ടിപ്പറത്തിരുന്ന രണ്ടു വെളുമ്പർ നല്ല കലശലായി ഉറക്കെ സംസാരിക്കുന്നു . അതിലൊരാൾ പുള്ളി പറയുന്ന ഓരോ വാക്കിന് ശേഷവും ഏതോ ഒരു F കൂട്ടി വളരെ പരിചയമുള്ളൊരു തെറി ആഡ് ചെയ്യുന്നുണ്ടായിരുന്നു . ഇവിടത് ഒട്ടുമിക്ക ആൾക്കാരും ഉപയോഗിക്കുന്നതിനാൽ ആദ്യം വല്യ കുഴപ്പമൊന്നും തോന്നിയില്ല . പക്ഷെ പിന്നെ പിന്നെ ഓരോ വാക്കിന് ശേഷവും ഈ ആലങ്കാരിക വാക്ക് ചേർത്തുകൊണ്ടേയിരുന്നതിനാൽ , എന്തുകൊണ്ടോ അവിടെ നിന്നും മാറി വേറൊരു സീറ്റിൽ പോയി ഇരിക്കാൻ നോക്കിയപ്പോൾ ഇരിക്കാൻ ഒരൊറ്റ സീറ്റില്ല . ലണ്ടൻ വരെയെത്താൻ രണ്ടുമണിക്കൂർ നിന്നാലും വേണ്ടില്ല എന്നോർത്ത്‌ വേറെ കമ്പാർട്ട്മെന്റിൽ പോയിരുന്നു . അല്ലേലും ഒരേ വാക്ക് കേട്ടോണ്ടിരുന്നാൽ ആരാണ് മടുക്കാത്തത് .

അപ്പോൾ തെറി വിളി ഒരു നല്ലശീലമാണെന്നാണോ പറഞ്ഞു വരുന്നത് . അല്ല ഒരിക്കലുമല്ല . പക്ഷെ ഇംഗ്ലീഷ് പറയുന്നവൻ /അറിയുന്നവൻ പുലിയാണെന്ന് പറയുന്ന നാട്ടിൽ, സിനിമയിൽ തെറിവിളിയിലൂടെ സീനിനുഗും കൂട്ടുന്ന നാട്ടിൽ , ആളെക്കൂട്ടാൻ കാശുകിട്ടാൻ ചുരുളി എറിയുന്ന നാട്ടിൽ, സിനിമയ്ക്ക് പേരുതന്നെ തെറി എന്ന് പേരിടുന്ന നാട്ടിൽ, പലരാൽ അറിയപ്പെടുന്ന ഒരു പെൺകുട്ടിയോട് തെറി പറഞ്ഞു എന്നതിനാൽ ഒരു ശ്രീനാഥ് ഭാസിമാത്രം ശിക്ഷിക്കപ്പെടാതെ ഇരിക്കട്ടെ…

ഇവിടെ ഞങ്ങളുടെ വീടിനടുത്തൊരു മക്‌ഡൊണാൾസ് ഉണ്ട് . ശരീരത്തിനിത്രയും ഹാനികരമായ ഒന്ന് വേറേയില്ലന്ന് പലരും പറയുമെങ്കിലും എന്ന് നോക്കിയാലും അവിടെയൊരു പള്ളിപെരുന്നാളിനുള്ള ആളുണ്ട് . പക്ഷെ എനിക്കാണേൽ ഈ സാധനം കാണുന്നത് പോലുമിഷ്ടമല്ല. എനിക്ക് ഇഷ്ടമല്ല എന്നും പറഞ്ഞു, എനിക്കവരോട് അവരുടെ ബിസിനസ് നിർത്താൻ പറയാൻ എനിക്കാകുമോ ?.ഇല്ല , ഇവിടെ എനിക്കാകെ ചെയ്യാൻ പറ്റുന്നത് എനിക്കിഷ്ടമല്ലാത്തത് മേടിക്കാതെ ഇരിക്കുക എന്നത് മാത്രമാണ് .

അതേപോലെ തെറി ഒരു നെഗറ്റിവ് വാക്കണോ എന്ന് ചോദിച്ചാൽ അതെ . പക്ഷെ അത് പറയുന്നവന്റെ മാത്രം ഉത്പന്നമാണ് . അത് ഒരാൾ മേടിക്കുമ്പോൾ മാത്രമേ അവന്റെ ഉൽപ്പന്നത്തിന് വിലയുണ്ടാകുന്നുള്ളു ….

കാരണം “we are packed in the planet closer than ever before..we are in numbers closer than ever before “.

ദിനംപ്രതി നമ്മുടെ ജനസാന്ദ്രത കൂടിവരുകയാണ് . നമ്മൾ പണ്ടത്തേക്കാളും കൂടുതൽ getting closer. അതുകൊണ്ടു ഏതൊരു നിയമസംവിധാനങ്ങളെക്കാൾ നമ്മുടെ തന്നെ ഉത്തരവാദിത്തമാണ് പരസ്പരം ചീഞ്ഞുനാറി മറ്റുള്ളവരിലേക്ക് ദുർഗന്ധം വമിപ്പിക്കാതിരിക്കുക എന്നത്.