ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനായി മുന്‍ ഓള്‍ റൗണ്ടര്‍ രവിശാസ്ത്രിയെ തിരഞ്ഞെടുത്തു. 2019 ലോകകപ്പ് വരെയാണ് നിയമനം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മൺ  എന്നിവരടങ്ങിയ ഉപദേശകസമിതിയാണ് രവിശാസ്ത്രിയെ തിരഞ്ഞെടുത്തത്.

മുംബൈ ബി.സി.സി.ഐ ആസ്ഥാനത്ത് നടന്ന അഭിമുഖത്തിനു ശേഷമാണ് ഉപദേശകസമിതി രവിശാസ്ത്രിയെ തിരഞ്ഞെടുത്തത്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്, ഓസ്ട്രേലിയന്‍ മുന്‍ താരം ടോം മൂഡി എന്നിവരെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. 2014 മുതല്‍ 2016 വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായിരുന്നതും കളിക്കാരുമായുള്ള അടുപ്പവും രവിശാസ്ത്രിയെ നിയമിക്കുന്നതിന് കാരണമായി. ഉപദേശകസമിതി തീരുമാനം ബി.സി.സി.ഐ അംഗീകരിച്ചതോടെ ക്യാപ്റ്റന്‍ വിരാട് കോലിയുമായി സംസാരിച്ച ശേഷമായിരുന്നു പ്രഖ്യാപനം.

ഈ മാസം 26 ന് തുടങ്ങുന്ന ശ്രീലങ്കന്‍ പര്യടനത്തോടെയായിരിക്കും രവിശാസ്ത്രിയുടെ പരിശീലനത്തിനു കീഴില്‍ ടീം ഇന്ത്യ ആദ്യം കളത്തിലിറങ്ങുന്നത്. വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് അനില്‍ കുംബ്ളെ സ്ഥാനമൊഴിഞ്ഞതോടെയാണ് ബി.സി.സി.ഐ പുതിയ പരിശീലകനെത്തേടിയത്. ഇന്ത്യയുടെ മുന്‍ ടെസ്റ്റ്, ഏകദിന ഓള്‍ റൗണ്ടറാണ് അൻപത്തഞ്ചുകാരനായ രവിശാസ്ത്രി. 80 ടെസ്റ്റുകളില്‍ നിന്നു 3830 റണ്‍സും 151 വിക്കറ്റും നേടിയിട്ടുണ്ട്. 3108 റണ്‍സും 129 വിക്കറ്റുമാണ് ഏകദിനത്തിലെ സമ്പാദ്യം.