ന്യൂഡല്‍ഹി:  ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ സംബന്ധിച്ച വാര്‍ത്തകളും ആശങ്കകളും നിലനില്‍ക്കെ ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍ പരിശോധിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. രണ്ടുദിവസം നീണ്ടുനിന്ന മോണെറ്ററി പോളിസി കമ്മിറ്റി (Monetary Policy Committee – MPC) യോഗത്തിലാണ് ഡിജിറ്റല്‍ കറന്‍സിയേക്കുറിച്ച് നിര്‍ദ്ദേശമുയര്‍ന്നത്.

സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി സംബന്ധിച്ച ചര്‍ച്ചകള്‍ നടന്ന വിവരം ആര്‍ബിഐ സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സിയേക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്. വിഷയത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിവധ മന്ത്രാലയങ്ങളില്‍ നിന്നുള്ളവരെ ചേര്‍ത്ത് പ്രത്യേക സംഘം രൂപവത്കരിക്കുമെന്നും ആര്‍ബിഐ ഡെപ്യൂട്ടി ഡയറക്ടര്‍ ബി.പി. കനുംഗോ മാധ്യമങ്ങളോട് പറഞ്ഞു.

സമിതി ജൂണ്‍ അവസാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍ കറന്‍സിയുടെ പ്രായോഗികത, അതിനുവേണ്ടി നടപ്പിലാക്കേണ്ട ചട്ടങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഡിജിറ്റല്‍ കറന്‍സി അഭിലഷണീയമാണോ തുടങ്ങിയ കാര്യങ്ങളാകും പുതിയ സമിതി പരിശോധിക്കുക. ഡിജിറ്റല്‍ കറന്‍സി അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ കൊണ്ടുവരുന്നത് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ബിറ്റ്‌കോയിന്‍ അടക്കമുള്ള മറ്റ് ഡിജിറ്റല്‍ കറന്‍സികളുടെ ഉപയോഗം സംബന്ധിച്ച് നിരവധി മുന്നറിയിപ്പുകള്‍ ആര്‍ബിഐ ബാങ്കുകള്‍ക്കും വ്യക്തികള്‍ക്കും നല്‍കിയിട്ടുണ്ട്. ഇത്തരം കറന്‍സികള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും വ്യക്തികളൊ സ്ഥാപനങ്ങളൊ നടത്തുന്ന ഡിജിറ്റല്‍ കറന്‍സി വഴിയുള്ള ഇടപാടുകളുടെ ഉത്തരവാദിത്വം ആര്‍ബിഐയ്ക്ക് ഇല്ലെന്നുംനേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.