തൃശൂരിലെ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ഫിലോക്കാലിയ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രശസ്ത ദമ്പതികളായ മരിയോ ജോസഫിന്റെയും ജിജി മരിയോ ജോസഫിന്റെയും കുടുംബ തർക്കമാണ് ഇപ്പോൾ വലിയ ചര്ച്ചയായിരിക്കുന്നത്. ധ്യാനം, കൗൺസിലിംഗ്, മോട്ടിവേഷൻ ക്ലാസ് എന്നിവയിലൂടെ സമൂഹത്തിൽ വലിയ സ്വാധീനം നേടിയ ഇവരിൽ, ഭാര്യയെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് മരിയോയ്ക്കെതിരെ പോലീസ് കേസ് എടുത്തു. ഒക്ടോബർ 25-നുണ്ടായ തർക്കത്തിനിടെ ഭർത്താവ് തലയ്ക്കടിക്കുകയും ഫോൺ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ജിജി നൽകിയ പരാതി. 1.60 ലക്ഷം രൂപ വിലവായിരുന്ന ഫോണിലെ പ്രധാന തെളിവുകൾ ഇല്ലാതാക്കാനാണ് ഇത് ചെയ്തതെന്നാരോപണവുമുണ്ട്.
മരിയോയും ജിജിയും തമ്മിലുള്ള ബന്ധത്തിൽ ഉണ്ടായ തർക്കങ്ങൾ സ്ഥാപനം നടത്തിപ്പിലെയും പണമിടപാടുകളിലെയും അഭിപ്രായ ഭിന്നതകളിലുമാണ് കേന്ദ്രീകരിക്കുന്നത്. ഫൗണ്ടേഷനെ കമ്പനിയാക്കാനുള്ള നീക്കങ്ങൾ, ട്രസ്റ്റിലെ അധികാര പ്രശ്നങ്ങൾ, മരിയോയുടെ സ്വതന്ത്ര തീരുമാനങ്ങൾ എന്നിവയാണ് കുടുംബത്തിൽ വലിയ ഭിന്നത സൃഷ്ടിച്ചത്. ജിജി അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ തന്നെ ഒഴിവാക്കി കമ്പനി മുന്നോട്ട് നയിക്കുന്ന പദ്ധതിയെ കുറിച്ച് അറിഞ്ഞതോടെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി.
കൊല്ലത്തുകാരനായ സുലൈമാൻ രണ്ടു പതിറ്റാണ്ട് മുമ്പ് അസുഖത്തിലായിരുന്ന സമയത്ത് മതപരമായ മാറ്റം അനുഭവിച്ചെന്നാണ് പറയപ്പെടുന്നത്. പിന്നീട് പോട്ടയിലെത്തിയ അദ്ദേഹം “മരിയോ ജോസഫ്” എന്ന പേരിൽ സുവിശേഷ പ്രവർത്തനത്തിൽ പ്രവേശിച്ചു. അതിനിടെയാണ് ജിജിയെ പരിചയപ്പെട്ടത്, പിന്നീട് അവരുടെ ബന്ധം വിവാഹത്തിലേക്കും എത്തി. ഇരുവരും ചേർന്ന് സുവിശേഷപ്രവർത്തനങ്ങളിലും പ്രഭാഷണങ്ങളിലും സജീവമായി പ്രവർത്തിച്ചു.
എന്നാൽ ഒരു ഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നതോടെ അവർ പുതിയ വഴികൾ തേടി. ഇതോടെയാണ് മരിയോ ബോബി ചെമ്മണ്ണൂർ ഗ്രൂപ്പുമായി ബന്ധപ്പെട്ട് മോട്ടിവേഷൻ സ്പീക്കറായി പ്രവർത്തനം ആരംഭിച്ചത്. ജിജിക്കും അതിലൂടെ നല്ലൊരു ജോലി ലഭിച്ചു, ഇതോടെ കുടുംബത്തിന്റെ വരുമാനം മെച്ചപ്പെട്ടു. പിന്നീട് ചില പ്രശ്നങ്ങളുടെ പേരിൽ ബോബിയുമായുള്ള ബന്ധം തകരുകയും ചെയ്തു. തുടർന്ന് ദമ്പതികൾ ചേർന്ന് പുതിയൊരു ചാരിറ്റി സ്ഥാപനം രൂപവത്കരിച്ചു. ഈ ശ്രമത്തിന്റെ ഫലമായാണ് പിന്നീട് ഫിലോക്കാലിയ ഫൗണ്ടേഷൻ ആരംഭിച്ചത്.











Leave a Reply