കോഴിക്കോട് ചേവായൂരിൽ കാസർകോട് സ്വദേശിനിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ വീട് റെയ്ഡ് ചെയ്ത് പോലീസ്. പരിശോധനയിൽ മയക്കുമരുന്നുകൾ കണ്ടെടുത്തിട്ടുണ്ട്. കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്.

ഷഹനയുടെ ശരീരത്തിൽ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർഡിഒയുടെ സാന്നിധ്യത്തിലാണ് ഷഹനയുടെ പോസ്റ്റ്മോർട്ടം നടത്തുന്നത്.

ഷഹനയും ഭർത്താവ് സജാദും നിരന്തരം വഴക്കടിച്ചിരുന്നെന്ന് വീട്ടുടമ. ഇതേതുടർന്ന് പല തവണ വീടൊഴിഞ്ഞ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വീടിന്റ ഉടമസ്ഥൻ ജസാർ പ്രതികരിച്ചു.

ഷഹനയെ രാവിലെയോടെയാണ് ജനലഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷഹന മരിച്ചതറിഞ്ഞ് ഈ വീട്ടിലേക്ക് ആദ്യം എത്തിയത് ജസാറായിരുന്നു. കണ്ടെത്തിയിട്ടുണ്ടെന്നും ജാസറെത്തുമ്പോൾ ഷഹാന സജാദിന്റെ മടിയിൽ തലവെച്ച് കിടക്കുന്നതായാണ് കണ്ടത്. നാട്ടുകാരും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.

ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവും സഹോദരനും ആരോപിച്ചു. തൊട്ടുപിന്നാലെ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.സജാദ് ഷഹനയുമായി സിനിമയുടെ പ്രതിഫലത്തെച്ചൊല്ലി വഴക്കിട്ടിരുന്നെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും എസിപി കെ സുദർശൻ പറഞ്ഞു.ഭർത്താവ് സജാദ് ഷഹനയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഇന്ന് ഷഹനയുടെ ജന്മദിനമാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും മാതാവും സഹോദരനും പറഞ്ഞു.

ഷഹനയുടെ മുറിയിലെ ജനൽ കമ്പിയിൽ പ്ലാസ്റ്റിക് കയർ കെട്ടിയ നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും പക്ഷെ ഇതുപയോഗിച്ച് ആത്മഹത്യ ചെയ്യാൻ പറ്റുമോയെന്നതിൽ സംശയമുണ്ട്. മുറിയിൽ നടത്തിയ പരിശോധനയിൽ എഡിഎംഎയും കഞ്ചാവും ഉൾപ്പടെയുള്ള പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.