ലണ്ടന്‍: പരിസ്ഥിതിക്കായി വാദിക്കുന്നത് ഇപ്പോള്‍ കൂടുതല്‍ അപകടകരമായി മാറുന്നുവെന്ന് കണക്കുകള്‍. പരിസ്ഥിതിയുടെ നാശത്തിന് കാരണമാകുന്ന വന്‍കിട കോര്‍പറേറ്റുകള്‍ക്കെതിരെ സമരം നയിക്കുന്നവര്‍ കൊല്ലപ്പെടുന്നതിന്റെ നിരക്ക് ലോകമൊട്ടാകെ വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ മാത്രം ഇത്തരം പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത് 200 പരിസ്ഥിതി പ്രവര്‍ത്തകരാണെന്ന് ആഗോള തലത്തിലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്ലോബല്‍ വിറ്റ്‌നസ് ആണ് ഈ വിവരം പുറത്തു വിട്ടത്.

പരിസ്ഥിതി ദുര്‍വിനിയോഗം, അതുമായി ബന്ധപ്പെട്ട അഴിമതി തുടങ്ങിയവക്കെതിരെ പ്രവര്‍ത്തിക്കുകയും അത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുന്ന എന്‍ജിഒ ആയ ഗ്ലോബല്‍ വിറ്റ്‌നസ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പരിസ്ഥിതി വിഷയങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ കൊല്ലപ്പെടുന്നതിന്റെ നിരക്ക് വര്‍ദ്ധിക്കുന്നതായി വ്യക്തമാക്കി. 16 രാജ്യങ്ങളിലായി 185 പേരാണ് 2015ല്‍ കൊല്ലപ്പെട്ടത്. 2014നെ അപേക്ഷിച്ച് 59 ശതമാനം വര്‍ദ്ധനവ് ഇക്കാര്യത്തില്‍ ഉണ്ടായി. ഇത്തരം മരണങ്ങളേക്കുറിച്ചുള്ള വിവരശേഖരണം തുടങ്ങിയതിനു ശേഷം 2014ലാണ് നിരക്ക് വര്‍ദ്ധിക്കാന്‍ ആരംഭിച്ചത്.

ലോകത്തെ 24 രാജ്യങ്ങളിലായി ആഴ്ചയില്‍ നാല് പേരെങ്കിലും പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെടുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആക്റ്റിവിസ്റ്റുകള്‍ക്ക് ഏറ്റവും അപകടകരമായ രാജ്യമായി ബ്രസീലിനെയാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. 49 പേര്‍ ഇവിടെ കൊല്ലപ്പെട്ടു. കൊളംബയയില്‍ 37 പേര്‍ കൊല്ലപ്പെട്ടു. ഫിലിപ്പൈന്‍സില്‍ ഖനന വ്യവസായത്തിനെതിരെ പ്രതിഷേധിച്ച 28 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ 16 ആക്റ്റിവിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് ഇരട്ടി വര്‍ദ്ധനവാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.