ഒരു നിർമ്മാതാവ് എന്ന നിലയിലും ഒരുപിടി സിനിമകൾ സൃഷ്ടിച്ച ഒരാളാണ് മോഹൻലാൽ. എന്നാൽ പ്രണവം ആർട്സ് എന്ന സ്വന്തം ബാനറിൽ മോഹൻലാൽ നിർമ്മിച്ച പല സിനിമകളും പരാജയമായിരുന്നു. അതുകൊണ്ട് തന്നെ മോഹൻലാൽ സ്വന്തം പ്രൊഡക്ഷൻ കമ്പനി എന്ന ആശയം കൈവിട്ടു. നിർമ്മിച്ച ചിത്രങ്ങൾ പരാജയപ്പെട്ടത് കൊണ്ട് ഒരുപാട് സാമ്പത്തിക നഷ്ടം മോഹൻലാലിന് ഉണ്ടായി എന്ന് പറയുകയാണ് നടൻ ശ്രീനിവാസൻ.

ശ്രീനിവാസൻ മോഹൻലാലിൻറെ ആ സമയത്തെ അവസ്ഥയെ പറ്റി പറയുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു സമയത്ത് ഹിമാലയത്തിൽ സന്യസിക്കാൻ പോകാൻ പോലും അദ്ദേഹം തീരുമാനിച്ചതായി ശ്രീനിവാസൻ ഇന്റർവ്യൂയിൽ പറയുന്നു.വാനപ്രസ്തം പോലെയുള്ള സിനിമകൾ കൊണ്ട് അദ്ദേഹത്തിന് അവാർഡുകൾ കിട്ടിയിരുനെങ്കിലും ലക്ഷകണക്കിന് രൂപയാണ് നഷ്ടം വന്നതെന്ന് അദ്ദേഹം പറയുന്നു.

ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ..

മോഹൻലാൽ നിർമാതാവായത് അദ്ദേഹത്തിന് പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നെനിക്കറിയില്ല. പണം നഷ്ടപ്പെട്ടു ഒരു ഘട്ടത്തിൽ ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹം ഒരു ഫിലോസഫറേ പോലെയായിരുന്നു. കാരണം പണം കുറെ പോകുമ്പോൾ   ജീവിതം അര്ഥമില്ലാത്തതാണ്., എന്താണ് എല്ലാത്തിന്റെയും അർഥം  എന്ന് തുടങ്ങുന്ന ഫിലോസഫി പലർക്കും വരാൻ സാധ്യതയുണ്ട്.ഒരു തവണ കുറെ ലക്ഷങ്ങൾ പോയിക്കഴിഞ്ഞപ്പോൾ ആലപ്പുഴ ഒരു ഹോട്ടൽ റൂമിൽ വച്ചു ഞാൻ ലാലിനെ കണ്ടു. വളരെ വിഷാദമുഖനായി ആണ് ലാലിനെ കണ്ടത്. അങ്ങനൊന്നും ലാലിനെ കാണാറേ ഇല്ലാത്തതാണ്. ഞാൻ ചോദിച്ചു   ലാലിന് എന്താ പ്രശ്നം..?  അയാൾ പറഞ്ഞു   അത് സന്ധ്യ ആയതു കൊണ്ടാണ്.. സന്ധ്യ ആകുമ്പോൾ ഭയങ്കര വേദനയാണ് . ഈ അസ്തമയ സൂര്യൻ കടലിൽ മുങ്ങാൻ പോകുമ്പോൾ നമ്മുടെ നെഞ്ചിലും വേദനയും ഒക്കെ വരും  ഞാൻ ചോദിച്ചു എപ്പോൾ മുതലാണ് ഇത് തുടങ്ങിയത്. ലാൽ പറഞ്ഞു  കുറച്ചു നാളായി ഞാനിങ്ങനെയാണ് സന്ധ്യയാകുമ്പോൾ.

പിന്നിട് ഒരിക്കൽ കണ്ടപ്പോൾ ലാൽ പറഞ്ഞു, എന്താണടോ ഈ സിനിമ.. അതിലൊന്നും ഒരു കാര്യമില്ല.. ഞാൻ ഒരു പരിപാടി ആലോചിക്കുകയാണ്. താനും കൂടിയാൽ എനിക്ക് സന്തോഷമാകും. ഇവിടന്നു ഹിമാലയം വരെ ഒരു യാത്ര പോകുകയാണ്.   സന്യാസമാണോ.?  ഞാൻ ചോദിച്ചു. ലാൽ പറഞ്ഞു അങ്ങനൊന്നും പറയണ്ട.. നമ്മൾ കൈയിൽ കാശൊന്നും കരുതാതെ ആണ് ഹിമാലയത്തിലേക്ക് പോകുന്നത്. വിശക്കുമ്പോൾ അടുത്ത് കാണുന്ന സ്ഥലത്ത് എന്തെങ്കിലും ജോലി ചെയ്തു കാശിനു പകരം ഭക്ഷണം കഴിക്കാം.. അങ്ങനെ ഹിമാലയം വരെ പോകാം  കൈയിലെ പൈസ എല്ലാം പോയി പൊളിഞ്ഞു പാളീസായി നിൽക്കുന്ന ഒരാളുടെ ചിന്തകളായിരുന്നു അത്…..