ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് ഭൂരിപക്ഷം ഇല്ലാതാക്കിയത് യൂറോപ്യന്‍ യൂണിയനില്‍ യുകെ തുടരണമെന്ന് അഭിപ്രായമുള്ള വോട്ടര്‍മാരെന്ന് പഠനം. ഹാര്‍ഡ് ബ്രെക്‌സിറ്റ് തടയാന്‍ ലേബറിലാണ് ഇവര്‍ വിശ്വാസം അര്‍പ്പിച്ചത്. 30,000 വോട്ടര്‍മാരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. തെരഞ്ഞെടുപ്പ് ദിവസം ബ്രെക്‌സിറ്റ് തന്നെയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വിഷയം. റിമെയ്ന്‍ അഭിപ്രായക്കാരായ മറ്റു പാര്‍ട്ടി അംഗങ്ങളുടെ വോട്ടുകള്‍ പോലും ലേബറിന് ലഭിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

2016 ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിനെതിരെ വോട്ട് ചെയ്തവരില്‍ പകുതിയിലേറെപ്പേര്‍ തെരഞ്ഞെടുപ്പില്‍ ലേബറിനെ അനുകൂലിച്ചു. ഇവരില്‍ 25 ശതമാനം മാത്രമാണ് ടോറികള്‍ക്ക് വോട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയന്‍ അനുകൂലികളായ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ച 15 ശതമാനം വോട്ടുകളും ഇവരുടെ സംഭാവനയാണ്. സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊരാള്‍ വീതം തെരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റ് ആയിരുന്നു പ്രധാന വിഷയമെന്ന് അഭിപ്രായപ്പെട്ടു. എന്‍എച്ച്എസ് തെരഞ്ഞെടുപ്പ് വിഷയമായെന്ന് 10ല്‍ ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ സമ്പദ് വ്യവസ്ഥ വിഷയമായെന്ന് 20ല്‍ ഒരാളും അഭിപ്രായം അറിയിച്ചു.

എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ലേബര്‍ പ്രചാരണത്തില്‍ ആവശ്യപ്പെട്ടിരുന്നില്ല. സിംഗിള്‍ മാര്‍ക്കറ്റ് വിഷയത്തിലും കസ്റ്റംസ് യൂണിയന്‍ അംഗത്വത്തിലും ഹിതപരിശോധനാ ഫലത്തിനൊപ്പമാണ് തങ്ങള്‍ എന്ന നിലപാടാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്വീകരിച്ചത്. ബ്രെക്‌സിറ്റ് പൂര്‍ണ്ണമാകുന്ന ദിവസം തന്നെ സിംഗിള്‍ മാര്‍ക്കറ്റ് അംഗത്വവും അവസാനിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പു ദിവസവും ജെറമി കോര്‍ബിന്‍ പറഞ്ഞത്. ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ട്ടിയുടെ ആശയക്കുഴപ്പം നിറഞ്ഞ നിലപാട് ഇതില്‍ വ്യക്തമാണെന്ന അഭിപ്രായവും ചിലര്‍ അറിയിക്കുന്നുണ്ട്.