നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ ആലുവ സബ് ജയിലില്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. കുടുംബാംഗങ്ങള്‍ക്കും പ്രധാനവ്യക്തികള്‍ക്കും മാത്രമേ ഇനി സന്ദര്‍ശനത്തിന് അനുമതി നല്‍കൂ. സന്ദര്‍ശകരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണു നടപടിയെന്നു ജയില്‍ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിനെ കാണാന്‍ നിരവധി സഹപ്രവര്‍ത്തകരാണ് എത്തിയത്. ജയിലില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ പാലിക്കാറുള്ള നിയന്ത്രണം ദിലീപിന്റെ കാര്യത്തിലുണ്ടായില്ലെന്ന് വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന.
ഓണത്തോടനുബന്ധിച്ച ദിവസങ്ങളിലാണ് ദിലീപിനെ കാണാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ആലുവ സബ് ജയിലിലേക്കു കൂടുതലായെത്തിയത്. നടന്മാരായ ജയറാം, എം.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുധീര്‍, അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, സംവിധായകരായ രഞ്ജിത്, നാദിര്‍ഷാ, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, എം.രഞ്ജിത്, തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചത്. നേരത്തെ, ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ആദ്യമായാണ് ഭാര്യയും മകളും കൂടിക്കാഴ്ച നടത്താനെത്തിയത്.
അങ്കമാലി കോടതിയിലും ഹൈക്കോടതിയിലുമായി മൂന്നു തവണ ജാമ്യത്തിന് ദിലീപ് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. ഇതിനിടെ, അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രത്യേക അനുമതിയോടെ ദിലീപ് ആലുവയിലെ വീട്ടിലെത്തി കഴിഞ്ഞദിവസം പിതാവിന് ബലിയിട്ടിരുന്നു.
Leave a Reply