ലണ്ടൻ: വീണ്ടും വിവാഹിതയാകാനൊരുങ്ങുകയാണെന്ന സന്തോഷവാർത്ത പങ്കുവച്ച് മലയാളികളുടെ പ്രിയ ഗായിക റിമി ടോമി. 2026ൽ തന്റെ ജീവിതത്തിലേക്ക് അനുയോജ്യനായൊരു പങ്കാളി കടന്നുവന്നെന്നും അധികം വൈകാതെ വിവാഹമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും റിമി സ്വന്തം യൂട്യൂബ് ചാനലിലൂടെ അറിയിച്ചു. കുടുംബം എപ്പോഴും ഒപ്പമുണ്ടായിരുന്നെങ്കിലും ജീവിതത്തിൽ ഒരു പങ്കാളിയുടെ അഭാവം അനുഭവപ്പെട്ടിരുന്നുവെന്നും പുതിയൊരു ജീവിതത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് താനെന്നും താരം വ്യക്തമാക്കി.
പുതിയ പങ്കാളിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ റിമി തയ്യാറായിട്ടില്ല. എന്നാൽ അദ്ദേഹം നടനോ ഗായകനോ പ്രശസ്തനായ വ്യക്തിയോ കോടീശ്വരനോ അല്ലെന്ന് താരം സൂചന നൽകി. പരസ്പരം മനസ്സിലാക്കാനും ഒരേ തരംഗദൈർഘ്യത്തിൽ ചിന്തിക്കാനും കഴിയുന്ന ഒരാളായിരിക്കണം ജീവിതപങ്കാളിയെന്നാണ് തന്റെ ആഗ്രഹം. പണമോ പ്രശസ്തിയോ അല്ല, തന്നെ കരുതുകയും മനസ്സിലാക്കുകയും ജീവിതത്തിൽ സമാധാനം നൽകുകയും ചെയ്യുന്ന ഒരാളെയാണ് താൻ ആഗ്രഹിക്കുന്നതെന്നും റിമി പറഞ്ഞു.
കുറച്ചുനാളത്തെ പരിചയത്തിലൂടെ ഇരുവരും പരസ്പരം മനസ്സിലാക്കിയെന്നും ഒരുമിച്ച് നല്ലൊരു ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന വിശ്വാസത്തിലാണ് വിവാഹതീരുമാനമെടുത്തതെന്നും താരം വ്യക്തമാക്കി. എല്ലാം ദൈവത്തിന്റെ കൈകളിലാണെന്നും വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും റിമി കൂട്ടിച്ചേർത്തു. പുതിയ ജീവിതത്തിലേക്ക് ഏറെ പ്രതീക്ഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയുമാണ് കടക്കുന്നതെന്നും ആരാധകരുടെ പ്രാർത്ഥനയും പിന്തുണയും വേണമെന്നും താരം അഭ്യർഥിച്ചു.











Leave a Reply