ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ ചൈൽഡ് കെയർ സ്ഥാപനത്തെ ചുറ്റിപറ്റിയുള്ള വിവാദങ്ങൾ കൂടുതൽ ശക്തമാകുന്നു. കോരു കിഡ്‌സിലെ അക്ഷതാ മൂർത്തിയുടെ ഓഹരികളെക്കുറിച്ച് പ്രധാനമന്ത്രി സ്വന്തം പാർട്ടി നേതൃത്വത്തിൽ നിന്നുൾപ്പടെ ചോദ്യങ്ങൾ നേരിടുകയാണ് നിലവിൽ. പാർലമെന്ററി അന്വേഷണം ഒരു വശത്തുകൂടി പുരോഗമിക്കുമ്പോൾ തന്നെ വിഷയം കൂടുതൽ ചർച്ചകളിലേക്ക് നീങ്ങുകയാണ്. ഇതിനിടയിൽ ഓഹരി പ്രഖ്യാപിച്ച് റിഷി സുനക് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. എന്നാൽ, സർക്കാർ മുൻപോട്ട് വച്ച ചൈൽഡ് കെയർ സ്കീമുകളിൽ പലതും അക്ഷത മൂർത്തി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും വിമർശകർ പറയുന്നു.

പ്രധാനമന്ത്രിയുടെ നൈതിക ഉപദേഷ്ടാവ് നിയന്ത്രിക്കുന്ന പട്ടിക സമാഹരിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നാണ് നിലവിൽ അധികൃതർ പറയുന്നത്. വസ്തുത മറച്ചുവെച്ച പ്രധാനമന്ത്രിയുടെ സമീപനം വില കുറഞ്ഞതാണെന്നും, പദവിക്ക് നിരക്കാത്ത രീതി വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും വിമർശകർ പറഞ്ഞു. ഇതിനെതുടർന്ന് ലേബർ പാർട്ടി നേതൃത്വവും രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ജനപ്രതിനിധികൾ ജനങ്ങളുടെ പ്രതിനിധിയാണെന്നും അവർക്ക് മുൻപിൽ സത്യങ്ങൾ മറച്ചു വെക്കുന്നത് അപഹാസ്യമാണെന്നും ലേബർ പാർട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

വർഷത്തിൽ രണ്ടുതവണ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിരുന്നതും എന്നാൽ 11 മാസം മുമ്പ് അവസാനമായി പുതുക്കിയതുമായ പട്ടിക പ്രസിദ്ധീകരിക്കാൻ വൈകിയതിൽ സർക്കാർ വിമർശനം നേരിടുകയാണ്. മന്ത്രിമാരുടെയും മറ്റ് ചുമതലയുള്ള ആളുകളെയും കുറിച്ച് വർഷത്തിൽ രണ്ടുതവണ രേഖകൾ പുറത്ത് വിടണം എന്ന് നിയമം ഇരിക്കെയാണ് വീഴ്ച വരുത്തിയത്. ഓഹരികൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് റിഷി സുനക് മറുപടി പറയാൻ തയാറാകാഞ്ഞതും വിഷയം കൂടുതൽ ഗൗരവമുള്ളതാക്കി.