ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതുതായി രൂപപ്പെടുന്ന സർക്കാരിന് തൻെറ പൂർണ പിന്തുണ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് റിഷി സുനക്. ലോറ ക്യൂൻസ്ബെർഗുമായി ഞായറാഴ്ച നടന്ന അഭിമുഖത്തിൽ മുൻ ചാൻസിലർ അടുത്ത ആഴ്ച പ്രധാനമന്ത്രിയായില്ലെങ്കിൽ താൻ എംപി പദവി തുടരുമെന്നും പറഞ്ഞു. എന്നാൽ കൺസർവേറ്റീവ് പാർട്ടി നേതാവാകാൻ വീണ്ടും മത്സരിക്കുന്നതിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. ബോറിസ് ജോൺസൺ രാജിവെച്ചതിന് പിന്നാലെ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വ സ്ഥാനത്തേക്കുള്ള മത്സരത്തിലെ വിജയിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും. അടുത്ത ദിവസം തന്നെ ജോൺസൺ രാജ്ഞിക്ക് രാജികത്ത് സമർപ്പിക്കും. തുടക്കത്തിൽ ജനപിന്തുണയിൽ മുന്നിട്ട് നിന്നത് റിഷി സുനക് ആയിരുന്നെങ്കിലും ഇപ്പോൾ കൂടുതൽ പിന്തുണ ലിസ് ട്രസിനാണ്.

പണപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നത് വരെ നികുതി വെട്ടി കുറയ്ക്കുന്നത് വൈകിക്കും എന്ന സുനകിൻെറ വാഗ്ദാനത്തിന് വ്യത്യസ്തമായി ഉടനടിയുള്ള നികുതി വെട്ടിക്കുറയ്‌ക്കലിന് പ്രാധാന്യം നൽകുമെന്ന് ലിസ് ട്രസ് പറഞ്ഞിരുന്നു. സുനക് ഇത്തരത്തിലുള്ള ട്രസിന്റെ സാമ്പത്തിക പദ്ധതികളെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ പദ്ധതികൾ ആവിഷ്കരിക്കുന്നത് വഴി യുകെയുടെ പൊതു ധനകാര്യം അപകടത്തിൽ ആകുമെന്നും അദ്ദേഹം വാദിച്ചു. അഭിമുഖത്തിൽ താൻ പുതിയ സർക്കാരിനെ പിന്തുണയ്ക്കുമെന്നും എംപി സ്ഥാനം തുടരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. നോർത്ത് യോർക്ക്ഷെയർ മണ്ഡലമായ റിച്ച്മണ്ടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താൻ പ്രധാനമന്ത്രിയായാൽ കുതിച്ചുയരുന്ന ഊർജ്ജ ചിലവുകൾ കുറയ്ക്കാനുള്ള പദ്ധതി ഒരാഴ്ചയ്ക്കകം തന്നെ പ്രഖ്യാപിക്കുമെന്ന് ലിസ് ട്രസ് പറഞ്ഞു. കൂടാതെ ഗാർഹിക ഊർജ്ജ വിതരണം വർധിപ്പിക്കാൻ ശ്രമിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.