റോഡ് സേഫ്റ്റി ലോക ടി20 ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യന്‍ ലെജന്‍ഡ്സിന്റെ എതിരാളി ശ്രീലങ്ക ലെജന്‍ഡ്സ്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ജോണ്ടി റോഡ്സ് നയിച്ച ദക്ഷിണാഫ്രിക്ക ലെജന്റ്സിനെ തോല്‍പ്പിച്ചാണ് ദില്‍ഷന്‍ നായകനായ ശ്രീലങ്ക ലെജന്റ്സ് ഫൈനലില്‍ കടന്നത്. ഞായറാഴ്ച രാത്രിയാണ് ഫൈനല്‍.

ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിനു തകര്‍ത്താണ് ലങ്കയുടെ ഫൈനല്‍ പ്രവേശനം. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 125 റണ്‍സില്‍ ഒതുങ്ങി. ഓപ്പണര്‍ മോര്‍നെ വാന്‍വിക്കാണ് (53) ദക്ഷിണാഫ്രിക്കയുടെ ടോപ്സ്‌കോറര്‍. അല്‍വിറോ പീറ്റേഴ്സന്‍ (27), ജസ്റ്റിന്‍ കെംപ് (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്ത പേസര്‍ നുവാന്‍ കുലശേഖരയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

മറുപടിയില്‍ 17.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലങ്ക ലക്ഷ്യത്തിലെത്തി. എന്നാല്‍ ചിന്തക ജയസിംഗെയും (47*) വിക്കറ്റ് കീപ്പര്‍ ഉപുല്‍ തരംഗയും (39*) ചേര്‍ന്നാണ് ലങ്കയെ വിജയത്തിലെത്തിച്ചത്. ദില്‍ഷനും സനത് ജയസൂര്യയും 18 റണ്‍സ് വീതമെടുത്ത് പുറത്തായി.

നേരത്തേ ബ്രയാന്‍ ലാറ നയിച്ച വെസ്റ്റിന്‍ഡീസ് ലെജന്റ്സിനെ 12 റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റിനു 218 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. വിന്‍ഡീസിന്റെ മറുപടി നിശ്ചിത ഓവറില്‍ 206 ല്‍ ഒതുങ്ങി.