ചാംപ്യന്‍സ് ലീഗ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മഡ്രിഡിനെ തരിപ്പണമാക്കിയ യുവന്റസിന്റെ വിജയ ശില്‍പി മറ്റാരുമായിരുന്നില്ല. ഒന്നും രണ്ടുമല്ല മൂന്നുഗോളടിച്ചാണ് റൊണാള്‍ഡോ അത്്ലറ്റിക്കോയുടെ തട്ടകത്തില്‍ തോറ്റതിന് കണക്ക് തീര്‍ത്തത്.
സ്പെയിനിലെ മഡ്രിഡില്‍ (അത്്ലറ്റിക്കോയുടെ തട്ടകം) എതിരില്ലാത്ത രണ്ടുഗോളിന് തോറ്റുമടങ്ങുമ്പോള്‍ മുന്‍ റയല്‍ മഡ്രിഡ് താരമായിരുന്ന റൊണാള്‍ഡോയെ ആരാധകര്‍ കൂവിയാര്‍ത്തു. എന്നാല്‍ അവരോടെ അഞ്ചുവിരലും ഉയര്‍ത്തി റൊണാള്‍ഡോ പറയാതെ പറഞ്ഞു. ‘ ഒന്നും രണ്ടുമല്ല അഞ്ചു കിരീടം ഞാന്‍ നെഞ്ചോട് ചേര്‍ത്തിട്ടുണ്ടെന്ന്.’ യുവന്റസിന്റെ തട്ടകത്തില്‍ രണ്ടാം പാദത്തിന് അത്‌ലറ്റിക്കോ എത്തുമ്പോള്‍ റൊണാള്‍ഡോ ഒരുങ്ങിയിറങ്ങി. മുടിവെട്ടി മിടുക്കനായ റൊണാള്‍ഡോ കളത്തിലിറങ്ങും മുമ്പ് ആരാധകരോട് പറഞ്ഞു. നിങ്ങളുടെ പിന്തുണ വേണം, എന്നാല്‍ നമുക്ക് ജയിക്കാമെന്ന്. അവര്‍ ആര്‍പ്പുവിളിച്ചു, അവന്‍ 27ാം മിനിറ്റില്‍ സ്വതസിദ്ധമായ ഹെഡര്‍ ഗോളില്‍ യുവയെ മുന്നിലെത്തിച്ചു. 49ാം മിനിറ്റിലും 86ാം മിനിറ്റിലും വീണ്ടും ഗോള്‍ നേടി യുവന്റസിനെ ക്വാര്‍ട്ടറിലേക്ക് നയിച്ചു.
വര്‍ഷങ്ങളായി അകന്നു നിന്നിരുന്ന കിരീടം കൈപ്പിടിയില്‍ ഒതുക്കാനാണ് റൊണാള്‍ഡോയെ യുവന്റസ് പൊന്നുംവിലയ്ക്ക് റയല്‍ മഡ്രിഡില്‍ നിന്ന് ഇറ്റലിയില്‍ എത്തിച്ചത്. കഴിഞ്ഞ മൂന്നുവര്‍ഷവും റൊണാള്‍ഡോയുടെ റയലാണ് ചാംപ്യന്‍സ് ലീഗ് കിരീടം നേടിയത്. റൊണാള്‍ഡോയെ എത്തിച്ചാല്‍ ആ കിരീടം ഇറ്റലിയിലെത്തിക്കാമെന്ന് യുവന്റസ് കണക്ക് കൂട്ടി. യുവന്റസിനായി റൊണാള്‍ഡോയുടെ ആദ്യഹാട്രിക്കാണ് അത്്ലറ്റിക്കോയ്ക്കെതിരെ നേടിയത്. അതുകൊണ്ട് തന്നെ ടീമിനെ ക്വാര്‍ട്ടറിലെത്തിച്ച ശേഷം റൊണാള്‍ഡോ പറഞ്ഞു. ‘ ഇതിനാണ് യുവ എന്നെ വാങ്ങിയത്, ഇതുപൊലെയുള്ള മാന്ത്രിക രാത്രികള്‍ക്കായിട്ട് യുവന്റസ് കൊതിച്ചിരുന്നു.’ സെറി എയില്‍ യുവയാണ് ഒന്നാമത്.
ബെല്‍ജിയം സര്‍വകലാശാല നടത്തിയ പഠനത്തില്‍ സമ്മര്‍ദങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നവനാണ് റൊണാള്‍ഡോ. സമ്മര്‍ദം കൂടുമ്പോള്‍ കൂടുതല്‍ മികവുകാട്ടുന്നവനായി റൊണോ മാറും. ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം അത് വ്യക്തമാക്കുന്നു. ഏഴായിരം ഫുട്ബോള്‍ താരങ്ങളില്‍ നടത്തിയ പഠനത്തിലാണ് റൊണാള്‍ഡോയെ സമ്മര്‍ദം കീഴടക്കില്ലെന്ന് കണ്ടെത്തിയത്.
Leave a Reply