ലോകം ശ്വാസമടക്കി കാണുകയാണ് ഇൗ വിഡിയോ. കടലിൽ ചത്തുപൊങ്ങിയ ഭീമൻ തിമിംഗലത്തെ ആഹാരമാക്കുന്ന ഗ്രേറ്റ് വൈറ്റ് ഷാർക്കിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. രണ്ടു മനുഷ്യരാണ് ഇത് പകർത്തിയതെന്നതും അദ്ഭുതമാണ്. ചത്തുപൊങ്ങിയ ഒരു തിമിംഗലത്തിന്റെ മൃതശരീരം കൂർത്ത പല്ലുകളുപയോഗിച്ചു കീറിമുറിക്കുകയാണ് സ്രാവ്. ഇൗ സമയം രണ്ടു ഡൈവർമാരും ഇതിന്റെ സമീപമെത്തി ഇത് ക്യാമറയിൽ പകർത്തുകയായിരുന്നു.

തൊട്ടടുത്തു മനുഷ്യരെത്തിയിട്ടും ഇവരെ ആക്രമിക്കാൻ സ്രാവ് ശ്രമിക്കുന്നില്ല എന്നത് ഗവേഷകരിലും അമ്പരപ്പുണ്ടാക്കുകയാണ്. ജുവാൻ ഒലിഫന്റ്, ഓസിയാൻ റാംസി എന്നീ ഡൈവർമാരാണ് വിഡിയോ പകർത്തിയത്.

ഒലിഫന്റാണ് ഈ കൂറ്റൻ സ്രാവിന്റെ വിഡിയോ പകർത്തിയത്. ലോകത്തിലെ ഏറ്റവും വമ്പത്തി സ്രാവിനൊപ്പം മുഖാമുഖമെത്തിയ നീന്തൽ അനുഭവത്തിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമിലും അദ്ദേഹം പങ്കുവച്ചു. ഡീപ് ബ്ലൂവിനൊപ്പം ഏകദേശം ഒരു മുഴുവൻ ദിവസം തന്നെ ഇരുവരും ചെലവിട്ടു. സ്രാവുകളുടെ പ്രാധാന്യവും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ അറിയിക്കാനാണു തങ്ങളുടെ ശ്രമമെന്ന് ഒലിഫന്റ് പറയുന്നു.