ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- റഷ്യൻ പ്രവിശ്യകളിൽ ആക്രമണം നടത്താൻ ഉക്രൈനിനെ പ്രേരിപ്പിച്ചത് ബ്രിട്ടനെന്ന ആരോപണവുമായി റഷ്യ രംഗത്തെത്തിയിരിക്കുകയാണ്. ബ്രിട്ടൻ നൽകിയ ആയുധങ്ങൾ റഷ്യൻ മിലിറ്ററി ടാർഗറ്റുകൾക്ക് നേരെ ഉപയോഗിക്കുവാൻ ഉക്രൈനിനു യാതൊരു ബുദ്ധിമുട്ടുമില്ലെന്ന ബ്രിട്ടീഷ് പ്രതിരോധ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയാണ് റഷ്യയുടെ പ്രതികരണത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. തങ്ങളുടെ ബെൽഗോരോദ് പ്രവിശ്യയിലുള്ള എണ്ണ സൂക്ഷിക്കുന്ന ഡിപ്പോകൾ ഉക്രൈൻ തകർത്തതായി റഷ്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒരു ആക്രമണവും ഉക്രൈൻ നടത്തിയതായി അവർ അംഗീകരിച്ചിട്ടില്ല. ഉക്രൈനിനു മേൽ ഫെബ്രുവരിയിൽ റഷ്യ ആക്രമണം ആരംഭിച്ചത് മുതൽ പടിഞ്ഞാറൻ രാജ്യങ്ങൾ നിരവധി മില്യൻ പൗണ്ടുകളുടെ മിലിറ്ററി സഹായമാണ് ഉക്രൈനിനു നൽകിയത്. ഇതോടൊപ്പം തന്നെ നാറ്റോയും യൂറോപ്യൻ യൂണിയൻ അധികൃതരും ഇനിയുള്ള മിലിറ്ററി സഹായങ്ങൾ നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന സമ്മർദം തങ്ങളെ തിരിച്ചടിക്കുവാൻ പ്രേരിപ്പിക്കുമെന്നാണ് റഷ്യ പ്രതികരിക്കുന്നത്. ഉക്രൈനിലെ പ്രധാന കേന്ദ്രങ്ങളിൽ മറ്റു രാജ്യങ്ങളുടെ പ്രതിനിധികൾ ഉണ്ടെന്നുള്ളത് റഷ്യയെ ആക്രമണത്തിൽ നിന്ന് പിന്തിരിപ്പിക്കില്ലെന്ന് റഷ്യൻ മിലിറ്ററി വക്താവ് വ്യക്തമാക്കി. എരിതീയിൽ എണ്ണ ഒഴിക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് പടിഞ്ഞാറൻ രാജ്യങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും, ഇത്തരത്തിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ മൂന്നാമതൊരു മഹാ യുദ്ധത്തിലേക്ക് ലോകം നയിക്കപ്പെടുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജെയ് ലാവ്റോവ് വ്യക്തമാക്കി. ഉക്രൈൻ സ്വന്തമായാണ് തീരുമാനമെടുക്കേണ്ടത് മറിച്ച്, ആയുധങ്ങൾ നൽകിയ രാജ്യങ്ങളുടെ തീരുമാനങ്ങൾ കടമെടുക്കുകയല്ല വേണ്ടതെന്നും റഷ്യൻ വിദേശകാര്യ മന്ത്രി ഓർമ്മിപ്പിച്ചു.