മോസ്കോ: ഇന്നലെ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി പ്യോംഗ്യാംഗിൽ കൂടിക്കാഴ്ച നടത്തിയ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് കിമ്മിനെ മോസ്കോ സന്ദർശിക്കാൻ ക്ഷണിച്ചു.
പുടിന്റെ ആശംസകൾ ലാവ്റോവ് നേരിട്ട് കിമ്മിനെ അറിയിച്ചെന്നു മോസ്കോയിൽ റഷ്യൻ വിദേശമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സിംഗപ്പൂരിലെ നിർദിഷ്ട കിം-ട്രംപ് ഉച്ചകോടി സംബന്ധിച്ച് കിമ്മിന്റെ സഹായി യോംഗ് ചോൾ ന്യൂയോർക്കിൽ സ്റ്റേറ്റ് സെക്രട്ടറി പോംപിയോയുമായി ചർച്ച നടത്തുന്ന അവസരത്തിൽ തന്നെയാണു ലാവ്റോവ് പ്യോംഗ്യാംഗിലെത്തിയിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്.
യുഎസിന്റെ അധീശമനോഭാവത്തെ ചെറുക്കുന്ന പുടിന്റെ നടപടിയെ കിം അഭിനന്ദിച്ചതായും റിപ്പോർട്ടുണ്ട്. റഷ്യയുമായി സഹകരണം ശക്തിപ്പെടുത്താനുള്ള ആഗ്രഹവും കിം ലാവ്റോവിനെ അറിയിച്ചു. കിമ്മിന്റെ പ്രതികരണം അമേരിക്കയെ അലോസരപ്പെടുത്തിയേക്കാം.
ഉത്തരകൊറിയൻ പ്രശ്നത്തിൽ കൂടുതൽ സജീവമായി ഇടപെടാനാണു റഷ്യയുടെ ശ്രമമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായും ദക്ഷിണകൊറിയൻ് പ്രസിഡന്റ് മൂൺ ജേ ഇന്നുമായും കിം ചർച്ച നടത്തിയെങ്കിലും റഷ്യൻ നേതാക്കളുമായി ആശയവിനിമയം കമ്മിയായിരുന്നു. ഈ അവസ്ഥ മാറ്റാൻ റഷ്യ ആഗ്രഹിക്കുന്നതിന്റെ സൂചനയാണ് ലാവ്റോവിന്റെ സന്ദർശനം.
Leave a Reply