അഫ്ഗാനിസ്താന്റെ ഭരണം താലിബാന്‍ കൈക്കലാക്കിയിരിക്കെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. രാജ്യത്തെ സുപ്രധാന സൈനിക കേന്ദ്രമായ ബഗ്രം എയര്‍ബേസ് പിടിച്ചെടുത്ത താലിബാന്‍ ഇവിടത്തെ ജയിലും കൈയ്യടക്കി. ഭൂരിഭാഗവും താലിബാന്‍ അംഗങ്ങള്‍ തടവിലുള്ള പുല്‍ ഉ ചര്‍കി എന്ന ജയിലാണ് കഴിഞ്ഞ ദിവസം താലിബാന്‍ കൈയടക്കിയത്. ഇവിടെയുള്ള തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. ഇവരില്‍ ചിലര്‍ ഐഎസ്, അല്‍ ഖ്വയ്ദ അംഗങ്ങളായിരുന്നെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കാബൂളിലെ ഈ ജയിലുള്‍പ്പെടെ അഫ്ഗാനിലെ തടവ് കേന്ദ്രങ്ങളില്‍ കഴിയുന്നവരില്‍ ഒരു വിഭാഗം ഐഎസ് അംഗങ്ങളാണ്. തടവറകളില്‍ നിന്നും തങ്ങളുടെ അംഗങ്ങളെ മോചിപ്പിക്കുന്ന താലിബാന്‍ ഇവരെ എന്തായിക്കും ചെയ്യുക എന്ന ചോദ്യമാണുയരുന്നത്. മലയാളികളായ നിമിഷ ഫാത്തിമ, സോണിയ സെബാസ്റ്റിയന്‍, മെറിന്‍ ജേക്കബ്, റഫീല തുടങ്ങി നാല് മലയാളി സ്ത്രീകളും അവരുടെ കുട്ടികളും അഫ്ഗാനിലെ ഏതോ ഒരു ജയിലറകളിലുണ്ട്. യഥാര്‍ത്ഥത്തില്‍ ഇവര്‍ ഇപ്പോള്‍ മരിച്ചോ ജീവനോടെയുണ്ടോ എന്നു പോലും അറിയില്ല.

ഐഎസ് സംഘട്ടനങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ട ഇവര്‍ 2019 കളിലാണ് അഫ്ഗാന്‍ സൈന്യത്തിന് കീഴടങ്ങുകയും തടവിലാക്കപ്പെടുകയും ചെയ്തത്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിലേക്ക് പോയ നിരവധി സ്ത്രീകള്‍ രാജ്യത്തെ ജയിലറകളിലുണ്ട്. ഐഎസ് സംഘട്ടനങ്ങളില്‍ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. 2019 ഓടു കൂടി ഐഎസ് ആധിപത്യം അവസാനിച്ചതോടെയാണ് ഈ സ്ത്രീകള്‍ ജയിലിലായത്. സ്ത്രീകളോട് ഒട്ടും ദയയില്ലാതെ പെരുമാറുന്ന താലിബാന്‍ ഈ സ്ത്രീകളെ എന്തു ചെയ്യുമെന്നതില്‍ വ്യക്തതയില്ല. ഒരു പക്ഷെ ഇവരെ വെടിവെച്ച് കൊല്ലുക, അല്ലെങ്കില്‍ നിര്‍ബന്ധിതമായി വിവാഹം കഴിക്കുക എന്നിവയ്ക്കും സാധ്യതയുണ്ട്. രാജ്യത്തെ മൂന്നു കോടി ജനങ്ങളുടെ സുരക്ഷയില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തടവറകളില്‍ കഴിയുന്ന ആ സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ത്ത ഉയര്‍ന്നു വരാനുള്ള സാധ്യതയുമില്ല.

യുഎസ് സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് താലിബാനും യുഎസും 2020 ല്‍ ധാരണയായ സമാധാന കരാര്‍ പ്രകാരം അഫ്ഗാനിസ്താനില്‍ അല്‍-ഖ്വയ്ദ, ഐഎസ്‌ഐഎസ് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് വീണ്ടും ഉയര്‍ന്നു വരാന്‍ സഹായിക്കില്ല എന്ന് താലിബാന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎസ് സൈനിക പിന്‍മാറ്റത്തിന് അന്തിമ ധാരണയായതും.

ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളെ അഫ്ഗാനില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ പ്രതിനിധി സൈബുള്ള മുജാഹിദ് ജൂലൈയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ ഒരു ഭീകര സംഘടനായി തന്നെ പ്രവര്‍ത്തിക്കുന്ന താലിബാന്‍ അല്‍ ഖ്വയ്ദയെ ദീര്‍ഘകാലം മാറ്റി നിര്‍ത്തുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

കഴിഞ്ഞ മാസം യുഎന്‍ പുറത്തു വിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം അഫ്ഗാനിലെ 15 പ്രവിശ്യകളില്‍ അല്‍ ഖ്വയ്ദയുടെ സ്വാധീനമുണ്ട്. കാണ്ഡഹാറിലുള്‍പ്പെടെ അല്‍ഖ്വയ്ദ താലിബാന്‍ സംരക്ഷണയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മറ്റൊരു വശമെന്തെന്നാല്‍ താലിബാന്റെ അഫ്ഗാന്‍ ഭരണം ആഗോള തലത്തില്‍ ഭീകര സംഘടനകള്‍ക്ക് ഉത്തേജനം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ഐഎസും അല്‍ ഖ്വയ്ദയും വീണ്ടും പൊങ്ങുകയും അഫ്ഗാന്‍ കുരുതിക്കളമാവാനും സാധ്യതയുണ്ട്.

നിമിഷ ഫാത്തിമയ്ക്കും ഒപ്പമുള്ള സ്ത്രീകള്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാനുള്ള സാധ്യതകളും ഇതിനിടയില്‍ അടയുകയുമുണ്ടായി. നാലു യുവതികളും ഇപ്പോഴും തീവ്രമൗലിക വാദികളാണെന്നും രാജ്യത്ത് തിരിച്ചെത്തുന്നത് സുരക്ഷാ ഭീഷണിയാണെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇവരെ നാട്ടിലെത്തിക്കേണ്ട എന്ന നിലപാടാണ് കേന്ദ്രമെടുത്തത്. 2019 ല്‍ പിടിയിലായി രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇവരെ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. മൂന്ന് സ്ത്രീകളെ ചോദ്യം ചെയ്തതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.

വീഡിയോയില്‍ നിമിഷ ഫാത്തിമയുടെയും സോണിയ സെബാസ്റ്റിയനും ഒപ്പം കുട്ടികളുണ്ട്. കൈക്കുഞ്ഞിനെയുമേന്തി നില്‍ക്കുന്ന നിമിഷ ഫാത്തിമയെയാണ് വീഡിയോയില്‍ കാണാനാവുന്നത്. 2016 ലാണ് സോണിയ സെബാസ്റ്റിയന്‍ ഭര്‍ത്താവ് അബ്ദുള്‍ റാഷിദ് അബ്ദുല്ലയ്‌ക്കൊപ്പം ഐഎസില്‍ ചേരാന്‍ അഫ്ഗഗാനിസ്താനിലേക്ക് പോയത്. 2011 ല്‍ ഇരുവരും വിവാഹിതരാവുകയും സോണിയ ഇസ്ലാം മതം സ്വീകരിക്കുകയുമായിരുന്നു. എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഐഎസിലേക്ക് കേരളത്തില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലെ മാസ്റ്റര്‍ മൈന്‍ഡ് ആയിരുന്നു അബ്ദുള്‍ റാഷിദ് അബ്ദുല്ല.

ചോദ്യം ചെയ്യലില്‍ ഐഎസില്‍ ചേര്‍ന്നത് തെറ്റായ തീരുമാനമായെന്ന് സോണിയ പറയുന്നുണ്ട്. തന്റെ മകളോടൊപ്പം തിരിച്ച് നാട്ടില്‍ പോവണമെന്നും ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം താമസിക്കണമെന്നുമാണ് സോണിയ പറയുന്നത്. ‘ എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോവുകയും സംഭവിച്ചതെല്ലാം മറക്കക്കുകയും വേണം. എന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല, ഭര്‍ത്താവിന്റെ കുടുംബം മാത്രമാണുള്ളത്,’ സോണിയ വീഡിയോയില്‍ പറയുന്നു.

തന്റെ ഭര്‍ത്താവിനും ഐഎസ് ചേര്‍ന്നതില്‍ ഖേദമുണ്ടായിരുന്നെന്ന് സോണിയ പറയുന്നു. അഫ്ഗാനിസ്താനിലെ ഖോറാസാനിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇസ്ലാമിക ജീവിതം ആഗ്രഹിച്ച് വന്നിട്ട് സംഭവിച്ചത് മറിച്ചാണെന്ന് സോണിയ വെളിപ്പെടുത്തി. ‘ അവിടെ ഒരു സംവിധാനവുമില്ല. ഒന്നും സംഭവിക്കുന്നില്ല. ആളുകള്‍ മസ്ജിദില്‍ പോവുന്നില്ല. അദ്ദേഹം ( റാഷിദ്) ഇക്കാര്യത്തില്‍ വളരെ ചിട്ടയുള്ളയാളായിരുന്നു. മസ്ജിദിലേക്ക് ഒരിക്കല്‍ പോലും വരാത്ത ധാരാളം ആളുകളുണ്ടായിരുന്നു അവിടെ. പക്ഷെ നേതാക്കള്‍ ഇതില്‍ ഒന്നും ചെയ്തില്ല. മരിക്കുന്നതിനു കുറച്ചു ദിവസം മുമ്പ് വരെ അദ്ദേഹം അദ്ദേഹം വളരെ നിരാശനായിരുന്നു. അദ്ദേഹം ശബ്ദരേഖകള്‍ തയ്യാറാക്കുന്നതും നിര്‍ത്തി. ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല. വീട്ടുകാര്യങ്ങള്‍ നോക്കുകയായിരുന്നു,’ സോണിയ പറയുന്നു. എന്നാല്‍ തിരിച്ചു വരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും മരിക്കുന്നതിന് മുമ്പ് എനിക്ക് ലോകം മതിയായി എന്നാണ് ഭര്‍ത്താവ് പറഞ്ഞെതെന്നും സോണിയ ഓര്‍ത്തു.

അതേസമയം ഐഎസില്‍ ചേര്‍ന്നതിലോ നടന്ന സംഭവങ്ങളിലോ ഖേദമോ ആശങ്കയോ നിമിഷയുടെ വാക്കുകളില്‍ ഇല്ലായിരുന്നു. കൈക്കുഞ്ഞിനെയുമേന്തി നിമിഷ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. നാട്ടിലേക്ക് തിരിച്ചു പോവണമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ താന്‍ ആശയക്കുഴപ്പത്തിലാണെന്നാണ് നിമിഷ പറഞ്ഞത്. ഭര്‍ത്താവ് മരിച്ചതിനാല്‍ ഇനി ആരും ആശ്രയിക്കാനില്ല. നാട്ടിലെത്തിയാല്‍ വീട്ടുകാരെ ഞാന്‍ ആശ്രയിക്കില്ല. ഐഎസില്‍ വിധവകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നെന്നും നിമിഷ പറഞ്ഞു. എന്നാല്‍ ഐഎസില്‍ ചേര്‍ന്നത് തെറ്റായെന്ന് തോന്നുന്നില്ലെന്നും തനിക്കവിടെ സന്തോഷകരമായ ജീവിതമായിരുന്നെന്നും നിമിഷ പറയുന്നു.’ഞാന്‍ മമൂദിലായിരുന്നപ്പോല്‍ ഞാന്‍ വളരയേറെ സന്തേഷത്തിലായിരുന്നു. അതിനാല്‍ ഖിലാഫത്ത് തെറ്റായിരുന്നെന്ന് ഞാന്‍ പറയില്ല. ഇപ്പോള്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്താണ് സംഭവിക്കുന്നതെന്നോ സമയമെന്താണെന്ന് പോലും എനിക്കറിയില്ല,’ നിമിഷ പറഞ്ഞു. അമ്മയെ കാണാനാഗ്രഹമുുണ്ടോ എന്ന ചോദ്യത്തിന് അവരാണ് എന്നെ കാണണെന്ന് എപ്പോഴും പറയുന്നതെന്നാണ് നിമിഷ പറഞ്ഞത്.