പമ്പ: അയ്യപ്പനെ കാണാതെ ശബരിമല വിട്ടുപോകില്ലെന്ന് ഉറപ്പിച്ച് തമിഴ് വനിതാ സംഘടന മനിതി. മനിതിയുടെ നേതൃത്വത്തില്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തിയ യുവതികള്‍ ആരും അയ്യപ്പനെ കാണാതെ തിരികെ പോകില്ലെന്ന് വ്യക്തമാക്കിയതോടെ പോലീസ് സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. നിലവില്‍ യുവതികളെ പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. എന്നാല്‍ സ്ഥിതിഗതികള്‍ രൂക്ഷമായാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടപടിയുണ്ടാകും. കൂടുതല്‍ പ്രവര്‍ത്തകരെ പമ്പയിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായും സൂചനയുണ്ട്.
മനിതി അംഗങ്ങളുമായി പോലീസ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് തിരികെ പോകാനാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് മനിതി അറിയിക്കുകയായിരുന്നു. ആചാര ലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിനോട് ആലോചിക്കാതെ ഇത്തരമൊരു നടപടി തന്ത്രി സ്വീകരിക്കുകയാണെങ്കില്‍ അത് വലിയ നിയമപ്രശ്‌നമായി മാറിയേക്കും.
നേരത്തെ തമിഴ്‌നാട്ടില്‍ നിന്ന് കമ്പംമേട് വഴി കേരളത്തിലെത്തിയ മനിതി സംഘത്തെ പലയിടങ്ങളിലായി ബി.ജെ.പി-സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സുരക്ഷ ആവശ്യപ്പെട്ട സംഘം പിന്നീട് പോലീസ് വാഹനത്തിലാണ് പമ്പയിലേക്ക് എത്തിയത്. നാല് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇവര്‍ കുട്ടിക്കാനം വഴി പമ്പയിലെത്തിയത്. യുവതികള്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നും രണ്ട് സംഘങ്ങളായി ഇനിയും അയ്യപ്പ ഭക്തരായ യുവതികള്‍ ശബരിമലയിലെത്തും. റോഡ് മാര്‍ഗം വരുന്നവര്‍ക്കെതിരെ തമിഴ്‌നാട്ടില്‍ വെച്ച് തന്നെ പ്രതിഷേധമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ തമിഴ്‌നാട് പോലീസും തീരുമാനിച്ചിട്ടുണ്ട്. കേരള ബോര്‍ഡര്‍ വരെ ഭക്തകളെ എത്തിക്കാന്‍ തമിഴ്‌നാട് പോലീസ് ശ്രമിക്കും.











Leave a Reply