ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ഏതെന്ന് ചോദിച്ചാല്‍ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും എന്നായിരിക്കും കൂടുതല്‍ ആരാധകരും പറയുക. 1996 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയ്ക്കുവേണ്ടി ഇരുവരും ചേര്‍ന്ന് ഓപ്പണ്‍ ചെയ്തിരിക്കുന്നത് 136 ഇന്നിങ്സുകളാണ്. 49.32 ശരാശരിയില്‍ ഈ കൂട്ടുകെട്ട് 6,609 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനായി മൈതാനത്തേക്ക് ഇറങ്ങുമ്പോള്‍ നോണ്‍-സ്ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടുന്ന സച്ചിനെയാണ് നമ്മള്‍ കൂടുതലും കണ്ടിരിക്കുന്നത്. ആദ്യ പന്ത് നേരിടുന്നത് കൂടുതലും ഗാംഗുലിയായിരിക്കും. ഇതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ബിസിസിഐ അധ്യക്ഷന്‍ കൂടിയായ ഗാംഗുലി. ഇന്ത്യന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണറായ മായങ്ക് അഗര്‍വാളുമായുള്ള ഓണ്‍ലൈന്‍ സംഭാഷണത്തിനിടെയാണ് ഗാംഗുലി ഇക്കാര്യം തുറന്നുപറഞ്ഞത്.
ആദ്യ പന്ത് നേരിടാനുള്ള സച്ചിന്റെ മടിക്ക് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറയുകയാണ് ഗാംഗുലി. ആദ്യ പന്ത് നേരിടാന്‍ സച്ചിന്‍ താങ്കളെ നിര്‍ബന്ധിക്കാറുണ്ടോ എന്നായിരുന്നു അഭിമുഖത്തില്‍ മായങ്കിന്റെ ചോദ്യം. എപ്പോഴും എന്നായിരുന്നു ഇതിന് ഗാംഗുലിയുടെ മറുപടി. ആദ്യ ബോള്‍ നേരിടാന്‍ താന്‍ സച്ചിനോട് പലപ്പോഴും ആവശ്യപ്പെടാറുണ്ടെന്നും എന്നാല്‍ ഇതിനു സച്ചിന്‍ നല്‍കുന്ന മറുപടി രസകരമാണെന്നും ഗാംഗുലി പറയുന്നു.
”എപ്പോഴെങ്കിലും ആദ്യ പന്ത് നേരിടൂ എന്ന് ഞാന്‍ സച്ചിനോട് പറയാറുണ്ട്. എന്നാല്‍, സച്ചിന്‍ വിസമ്മതിക്കും. ഇതിനൊരു കാരണവും അദ്ദേഹം പറയാറുണ്ട്. രണ്ട് കാര്യങ്ങളാണ് സച്ചിന്‍ പറയാറുള്ളത്. ഒന്ന്, ‘ഞാന്‍ നല്ല ഫോമിലാണ്…അതുകൊണ്ട് എനിക്ക് നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ നില്‍ക്കണം’. രണ്ട്, ‘ഞാന്‍ ഒട്ടും ഫോമിലല്ല…അതുകൊണ്ട് നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ നില്‍ക്കണം. ഫോമിലല്ലെങ്കില്‍ ആദ്യ പന്ത് നേരിടുമ്പോള്‍ വലിയ സമ്മര്‍ദം തോന്നും,’ ‘ ഇതാണ് സച്ചിന്‍ തരാറുള്ള മറുപടി. ആദ്യ പന്തില്‍ സച്ചിന് സ്‌ട്രൈക്ക് കൈമാറാന്‍ വേണ്ടി താന്‍ പലതന്ത്രങ്ങളും പയറ്റിയിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. ചില മത്സരങ്ങളില്‍ ഞാന്‍ ഒന്നും പറയാതെ ആദ്യമേ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ പോയി നില്‍ക്കും. സച്ചിനെ ഒന്നു നോക്കുക പോലും ചെയ്യില്ല. അപ്പോഴേക്കും സച്ചിന്റെ മുഖം ടിവിയില്‍ ക്ലോസപ്പില്‍ ഒക്കെ കാണിക്കുന്നുണ്ടാകും. പിന്നെ വേറെ വഴിയില്ലാതെ അദ്ദേഹം ആദ്യ പന്ത് സ്‌ട്രൈക്ക് ചെയ്യും ഗാംഗുലി പറഞ്ഞു.
Leave a Reply