അഞ്ചര വർഷം നീണ്ട ഇടവേളക്കു ശേഷം ബാറ്റേന്തി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. ഓസ്ട്രേലിയൻ കാട്ടുതീയിൽ പെട്ടവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നടത്തിയ ബുഷ്ഫയർ ക്രിക്കറ്റ് മത്സരത്തിൻ്റെ ഇന്നിംഗ്സ് ഇടവേളയിലാണ് സച്ചിൻ ക്രീസിലെത്തിയത്. ഓസ്ട്രേലിയൻ ഓൾറൗണ്ടർ എലിസ് പെറിയാണ് സച്ചിനെതിരെ പന്തെറിഞ്ഞത്.
പെറി എറിഞ്ഞ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് സച്ചിൻ ആരംഭിച്ചത്. നാലു പന്തുകൾ എറിഞ്ഞ പെറിക്കു ശേഷം യുവതാരം അന്നബെൽ സതർലൻഡ് രണ്ട് പന്തുകൾ എറിഞ്ഞു. ആദ്യ ബൗണ്ടറിക്കു ശേഷം സച്ചിൻ്റെ ഷോട്ടുകളെല്ലാം ഫീൽഡർമാരുടെ കൈകളിലെത്തിയെങ്കിലും ഫ്ലിക്ക്, കട്ട്, ഡ്രൈവ് തുടങ്ങിയ ഷോട്ടുകളൊക്കെ സച്ചിൻ മനോഹരമായി കളിച്ചു. അര പതിറ്റാണ്ടിനിപ്പുറം ബാറ്റെടുത്തപ്പോഴും തൻ്റെ പ്രതിഭക്ക് മങ്ങലേറ്റിട്ടില്ലെന്ന് സച്ചിൻ തെളിയിക്കുകയും ചെയ്തു.
മത്സരത്തിൽ പോണ്ടിംഗ് ഇലവൻ വിജയിച്ചു. ഒരു റണ്ണിനാണ് പോണ്ടിംഗ് ഇലവൻ ജയിച്ചു കയറിയത്. പോണ്ടിംഗ് ഇലവൻ്റെ 105 റൺസിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഗിൽക്രിസ്റ്റ് ഇലവന് നിശ്ചിത 10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുക്കാനേ സാധിച്ചുള്ളൂ. 9 പന്തുകളിൽ 33 റൺസെടുത്ത ഷെയിൻ വാട്സൺ ആണ് ഗിൽക്രിസ്റ്റ് ഇലവൻ്റെ ടോപ്പ് സ്കോറർ.
പോണ്ടിംഗ് ഇലവനായി മുൻ ഓസീസ് പേസർ ബ്രെറ്റ് ലീ രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പോണ്ടിംഗ് ഇലവൻ നിശ്ചിത 10 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 104 റൺസെടുത്തത്. 30 റൺസെടുത്ത ബ്രയാൻ ലാറയാണ് പോണ്ടിംഗ് ഇലവൻ്റെ ടോപ്പ് സ്കോറർ. ഗിൽക്രിസ്റ്റ് ഇലവനായി യുവരാജ്, സൈമണ്ട്സ്, കോട്നി വാൽഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Leave a Reply