ബിബിന്‍ ഏബ്രഹാം

അത്തം ഒന്നില്‍ തുടങ്ങി പത്തില്‍ എത്തുമ്പോള്‍ പൂവിളിയുടെയും പൂക്കളത്തിന്റെയും നന്മയുടെയും സാഹോദര്യത്തിന്റെയും ഉത്സവമായ പൊന്നോണം ഇതാ വരവായിരിക്കുന്നു. യു.കെയിലെ ഒരോ മലയാളിയും ഈ ഓണക്കാലത്തെ വരവേല്‍ക്കാന്‍ കച്ചമുറുക്കി ഇറങ്ങുമ്പോള്‍ പതിവുപോലെ ആഘോഷപ്പെരുമഴ തന്നെ ഒരുക്കി ഈ ഓണം അവിസ്മരണീയമാക്കുവാന്‍ ഉള്ള അവസാനഘട്ട തയ്യാറെടുപ്പില്‍ ആണ് സഹൃദയ ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ്. ഈ പ്രവാസ ജീവിതത്തിനിടയില്‍ വടക്കേ മലബാറില്‍ നിന്നോ തെക്കേ മലബാറില്‍ നിന്നോ, കൊച്ചിയോ, കോട്ടയമോ, തിരുവിതാംകൂറോ എന്നു വേര്‍തിരിവില്ലാതെ ഈ ബ്രിട്ടീഷ് മണ്ണില്‍ ഒരു കുടക്കീഴില്‍ ഒത്തു ചേര്‍ന്നു ജനിച്ചു വളര്‍ന്ന നാടിന്റെ നല്ല ഓര്‍മ്മകള്‍ പരസ്പരം പങ്കുവെച്ചു ആഘോഷിക്കുവാന്‍ സഹൃദയ ഏവരെയും ടണ്‍ബ്രിഡ്ജ് വെല്‍സിലേക്ക് ക്ഷണിക്കുകയാണ്.

സെപ്റ്റംബര്‍ 2ന് കൃത്യം ഒന്‍പതു മണിക്കു വാശിയേറിയ അത്തപ്പൂക്കള മത്സരങ്ങളോടൊപ്പം തുടങ്ങുന്ന ഓണാഘോഷത്തിനു അഴകേകി തിരുവാതിര, ഓണപ്പാട്ടു മത്സരം, മാവേലി മന്നനു വരവേല്‍പ്പ്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, തുടര്‍ന്നു വിഭവസമൃദ്ധമായ ഓണസദ്യ, നാടന്‍ കളികള്‍, വടംവലി തുടങ്ങി ഒരു ദിനം അടിച്ചു പൊളിക്കുവാന്‍ വേണ്ട എല്ലാ ചേരുവകളും തയ്യാറായി കഴിഞ്ഞിരിക്കുന്നു.

ഓണാഘോഷങ്ങളുടെ തുടര്‍ച്ചയായി സെപ്റ്റംബര്‍ 15ന് വെള്ളിയാഴ്ച്ച കെന്റിലെ ടണ്‍ ബ്രിഡ്ജിലെ എയ്ഞ്ചല്‍ സെന്ററില്‍ വെച്ച് നാട്ടില്‍ നിന്നെത്തുന്ന മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍ കലാഭവന്‍ നിയാസും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ നിറസന്ധ്യ 2017 ഉണ്ടായിരിക്കുന്നതാണ്. പൊട്ടിച്ചിരിപ്പിക്കുന്ന തകര്‍പ്പന്‍ സ്‌കിറ്റുകളും, ചടുല നൃത്തചുവടുകളും, കാതുകള്‍ക്കിമ്പം പകരുന്ന ഗാനങ്ങളുമായി യു.കെയിലെ ഈ ഓണാഘോഷ ദിനങ്ങള്‍ക്കു കൂടുതല്‍ ശോഭ പകരുവാന്‍ ഈ അനുഗ്രഹീത കലാകാരന്മാര്‍ക്കു സാധ്യമാകുമെന്നതില്‍ സംശയമില്ല. ഈ ഉത്സവരാവിലേക്ക് സഹൃദയ കെന്റിലെ എല്ലാ മലയാളികളെയും ഹൃദ്യമായി സ്വാഗതം ചെയ്യുകയാണ്.

തുടര്‍ന്ന് യു.കെയിലെ എല്ലാ മലയാളികളും ആവേശത്തോടെ കാത്തിരിക്കുന്ന സഹൃദയയുടെ മൂന്നാമത് അഖില യു.കെ വടംവലി മത്സരം സെപ്റ്റംബര്‍ 24 ഞായറാഴ്ച്ച കെന്റിലെ ഹില്‍ഡന്‍ ബോറോയില്‍ വെച്ച് നടക്കും. ഓണക്കാലത്ത് ഒരു മലയാളിക്കും മാറ്റി നിറുത്തുവാന്‍ പറ്റാത്ത കരുത്തന്മാരുടെ പോരാട്ടമായ വടംവലി മത്സരം സകുടുംബം കണ്ടാസ്വദിക്കുവാന്‍ സഹൃദയ യു.കെയിലെ ഒരോ മലയാളി കുടുംബത്തയെയും കെന്റിലേക്ക് സ്വാഗതം ചെയ്യുകയാണ്.

യു.കെയിലെ ഒരോ മലയാളിക്കും വേണ്ടി ഈ ഓണക്കാലത്ത് സഹൃദയ അണിയിച്ചൊരുക്കുന്ന പ്രൗഢ ഗംഭീര പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഞങ്ങള്‍ സ്‌നേഹത്തിന്റെ ഭാഷയില്‍ ഒരിക്കല്‍ കൂടി ഹാര്‍ദവമായി സ്വാഗതം ചെയ്യുകയാണ്. അതെ, ഈ ധന്യവേളയില്‍ നമുക്ക് നമ്മുടെ കഷ്ടപ്പാടുകളും വിഷമങ്ങളും മാറ്റിവെച്ചു, ഇല്ലായ്മകളും വല്ലായ്മകള്‍ക്കും വിട നല്‍കി പരാതികള്‍ക്കും പരിഭ്രമങ്ങള്‍ക്കും അവധി കൊടുത്തു, നന്മയുടെ ഈ ഉത്സവം ഒരു മനസോടെ ഒരു കൈയോടെ സന്തോഷത്തോടെ ആഘോഷിച്ചീടാം.

”മാവേലി നാടുവാണിടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും;
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം;
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.”

യു.കെയിലെ എല്ലാ മലയാളികള്‍ക്കും ടീം സഹൃദയയുടെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍!