ന്യൂസ് ഡെസ്ക്, മലയാളം യുകെ
2026 ഫിഫ ലോകകപ്പിലെ മൂന്നാം സ്ഥാനപ്പോരാട്ടത്തിൽ ഫ്രാൻസിനെ 6-4ന് കീഴടക്കി ഇംഗ്ലണ്ട് ടൂർണമെന്റ് ഗംഭീര വിജയത്തോടെ അവസാനിപ്പിച്ചു. മയാമിയിൽ നടന്ന ആവേശപ്പോരിൽ ബുകയോ സാക്ക ഹാട്രിക് നേടി ഇംഗ്ലണ്ടിന്റെ വിജയശില്പിയായി. ഡെക്ലൻ റൈസ്, എസ്രി കോൺസ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരും ഇംഗ്ലണ്ടിനായി വലകുലുക്കി. ആദ്യ പകുതിയോടെ തന്നെ 4-0ന് മുന്നിലെത്തിയ ഇംഗ്ലണ്ട് മത്സരം കൈവിടില്ലെന്ന് തോന്നിച്ചെങ്കിലും പിന്നീട് ഫ്രാൻസ് ശക്തമായി തിരിച്ചടിച്ചു.

കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിൽ ഫ്രാൻസ് രണ്ടാം പകുതിയിൽ ഉജ്ജ്വല തിരിച്ചുവരവ് നടത്തി. രണ്ട് ഗോളുകൾ നേടിയ എംബാപ്പെ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തതോടെ സ്കോർ 5-4 ആയി ചുരുങ്ങി. എന്നാൽ മത്സരാവസാനത്തോട് അടുക്കുമ്പോൾ സാക്ക പെനൽറ്റിയിലൂടെ തന്റെ ഹാട്രിക് പൂർത്തിയാക്കി. ഇൻജുറി ടൈമിൽ ബെല്ലിംഗ്ഹാം നേടിയ ഗോളോടെ ഇംഗ്ലണ്ട് വിജയമുറപ്പിച്ചു. ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായാണ് ഈ പോരാട്ടത്തെ വിലയിരുത്തുന്നത്.

സെമിഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ടതിന്റെ നിരാശ മറികടക്കാൻ ഇംഗ്ലണ്ടിന് ഈ ജയം സഹായിച്ചു. തോമസ് ടൂഷലിന്റെ കീഴിൽ ലോകകപ്പ് അവസാനിപ്പിച്ച ഇംഗ്ലണ്ട് 1966ലെ കിരീടവിജയത്തിന് ശേഷമുള്ള മികച്ച നേട്ടങ്ങളിലൊന്നാണ് സ്വന്തമാക്കിയത്. മറുവശത്ത്, 14 വർഷത്തെ പരിശീലക കാലാവധിക്ക് ശേഷം ദിദിയെ ദെഷാംപ്സിന്റെ അവസാന മത്സരവും ഇതായിരുന്നു. തോൽവിക്കിടയിലും ലോകകപ്പ് ഗോളുകളുടെ റെക്കോർഡുകൾ പുതുക്കിക്കൊണ്ട് എംബാപ്പെ ശ്രദ്ധേയനായി.











Leave a Reply