കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ റപ്പലിങ് ഇൻസ്ട്രക്ടർ ആർ. രാജേഷിന്റെ മൃതദേഹം കൈകാര്യം ചെയ്തതിൽ ഉണ്ടായ ഗുരുതര വീഴ്ചയെ തുടർന്ന് പയ്യന്നൂർ തഹസിൽദാർ കെ.പി. പോളിനെ സസ്പെൻഡ് ചെയ്തു. സംഭവത്തെ കുറിച്ച് ഉയർന്ന പരാതികളും അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളും പരിഗണിച്ചാണ് നടപടി.
പ്രളയബാധിത മേഖലയിലെ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പണയം വച്ച് മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ മൃതദേഹം കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുമ്പോൾ ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസാണ് ഉപയോഗിച്ചതെന്നായിരുന്നു പ്രധാന ആരോപണം. യാത്രയ്ക്കിടെ മൃതദേഹത്തിന്റെ അവസ്ഥ മോശമായതിനെ തുടർന്ന് ചാവക്കാട് ഭാഗത്ത് മറ്റൊരു ഫ്രീസർ ആംബുലൻസിലേക്ക് മാറ്റേണ്ടിവന്നതും വിവാദത്തിന് വഴിവെച്ചു.
സംഭവത്തിൽ ജില്ലാ ഭരണകൂടവും സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ലൈഫ് ജാക്കറ്റ് മറ്റൊരാൾക്ക് നൽകി ജീവൻ നഷ്ടമായ രാജേഷിനോടുള്ള അനാദരവെന്ന വിമർശനം വ്യാപകമായതോടെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ ശക്തമായത്.











Leave a Reply