സുജു ജോസഫ്

സാലിസ്ബറി: അതിജീവനത്തിന്റെയും പ്രത്യാശയുടെയും പൊൻകിരണങ്ങൾ വിതറികൊണ്ട് ഈസ്റ്ററും, സമ്പന്നമായ കാർഷിക സംസ്കാരത്തിന്റെ ഓർമ്മ പുതുക്കി വിഷുവും സാലിസ്ബറി മലയാളി അസോസിയേഷൻ സമുചിതമായി ആഘോഷിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പരിചയപ്പെടുത്തലോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.

പ്രസിഡന്റ് റ്റിജി മമ്മു അധ്യക്ഷനായ പൊതുയോഗത്തിൽ മുഖ്യാതിഥിയായെത്തിയ യുക്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ കുര്യൻ ജോർജ്ജ് ഭദ്രദീപം തെളിച്ച് ആഘോഷപരിപാടി ഉദ്‌ഘാടനം ചെയ്തു. ഏവർക്കും ഈസ്റ്റർ, വിഷു, ഈദ് ആശംസകൾ നേർന്ന അദ്ദേഹം യുക്മയുടെ പ്രവർത്തനങ്ങൾക്ക് സംഘടന നൽകുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞു. ഇടവകവികാരി ഫാ. സജി മാത്യു, രക്ഷാധികാരി ജോസ് കെ ആന്റണി, സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്നു. നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളും ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. നിധി ജയ്‌വിൻ, ജോഷ്‌ന പ്രശാന്ത് തുടങ്ങിയവർ അവതാരകരായ പൊതുയോഗത്തിന് വൈസ് പ്രസിഡന്റ് ജോബിൻ ജോൺ സ്വാഗതം ആശംസിച്ചു. സെക്രട്ടറി സിൽവി ജോസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ചടങ്ങിൽ സാലിസ്ബറി മലയാളി അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് സീസൺ 3 യുടെ ആദ്യ ഫ്ലയർ ശ്രീ കുര്യൻ ജോർജ്ജ് പ്രകാശനം ചെയ്തു. നിരവധി വർഷങ്ങളായി പൊതുരംഗങ്ങളിലും സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായ ശ്രീ കുര്യൻ ജോർജ്ജിനെ പ്രസിഡന്റ് റ്റിജി മമ്മു, രക്ഷാധികാരി ജോസ് കെ ആന്റണി എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ട്രഷറർ ജയ്‌വിൻ ജോർജ്ജ് പൊതുയോഗത്തിന് നന്ദിയറിയിച്ചു.

ഉദ്‌ഘാടന ചടങ്ങുകൾക്ക് ശേഷം ആസ്വാദ്യകരമായ രുചികരമായ ഭക്ഷണമാണ് വിളമ്പിയത്. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രശാന്ത് ബാലകൃഷ്‌ണന്റെ നേതൃത്വത്തിൽ അംഗങ്ങൾ തയ്യാറാക്കിയ നാടൻ വിഭവങ്ങളടങ്ങിയ രുചികരമായ ഭക്ഷണം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തുടർന്ന് പ്രോഗ്രാം കോർഡിനേറ്റർ പിങ്കി റ്റിജിയുടെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരും ചേർന്നൊരുക്കിയ കലാപരിപാടികളും പ്രോഗ്രാം കമ്മിറ്റിയംഗങ്ങളായ ജിനോയെസ് , ജോഷ്‌ന തുടങ്ങിയവരൊരുക്കിയ ഈസ്റ്റർ വിഷു തീം പ്രോഗ്രാമുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വൈകുന്നേരം ആറു മണിയോടെ ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.

കൂടുതൽ ചിത്രങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://m.facebook.com/