മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ അറീനയില്‍ നടന്ന സ്‌ഫോടനത്തിനു കാരണക്കാരനായ ചാവേറിനെ തിരിച്ചറിഞ്ഞു. ലിബിയന്‍ വംശജനായ സല്‍മാന്‍ റമദാന്‍ അബേദി എന്ന 22കാരനാണ് ചാവേര്‍. ഏറെക്കാലമായി സെക്യൂരിറ്റി ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണത്തിന് ഉത്തരവാദിയായ ഖാലിദ് മസൂദിനേപ്പോലെതന്നെ ദോഷകാരിയല്ലെന്ന് വിലയിരുത്തപ്പെട്ടയാളായിരുന്നു. ഇയാള്‍ ഒറ്റക്കാണോ ആക്രമണം നടത്തിയത്, അതോ മറ്റേതെങ്കിലും വിധത്തിലുള്ള സഹായം ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയതിനു പിന്നാലെയാണ് ബ്രിട്ടന്‍ ഇയാളാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ടെങ്കിലും പോലീസ് അത് സ്ഥിരീകരിച്ചിട്ടില്ല. ഐസിസാണ് ആക്രമണം നടത്തിയതെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. അബേദിയുടെ പേര് സ്ഥിരീകരിക്കുന്നതിനു മുമ്പായി മാഞ്ചസ്റ്ററിലെ ലിബിയന്‍ സമൂഹം തങ്ങളിലൊരാള്‍ ചാവേറായെന്ന വിവരങ്ങളില്‍ അതിശയമാണ് പ്രകടിപ്പിച്ചത്.
ബ്രിട്ടനില്‍ ജനിച്ച അബേദിയാണ് ഇതിനു പിന്നിലെന്ന് ആര്‍ക്കും വിശ്വസിക്കാനായില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗത്ത് മാഞ്ചസ്റ്ററിലെ അബേദിയുടെ വീട്ടില്‍ പോലീസ് തെരച്ചില്‍ നടത്തി. ഇയാളുടെ സഹോദരനായ ഇസ്മയില്‍ അബേദി കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Leave a Reply