ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കുടുംബത്തിന്റെയും കുടുംബാംഗങ്ങളുടെയും ചരിത്രം കേട്ടാൽ ആരുമൊന്ന് ഭയക്കും. സിറിയയിൽ ഐഎസ്ഐഎസിനായി പോരാടുന്ന സഹയ്ബ് അബു, മുഹമ്മദ്‌ അബു എന്നീ സഹോദരങ്ങൾ, തീവ്രവാദ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് യുകെ ജയിലിൽ കഴിയുന്ന അർദ്ധസഹോദരൻ അഹമ്മദ്, അഹമ്മദിന്റെ സഹോദരി അസ്മ, അസ്മയുടെ ഭർത്താവ് എന്നിവർ ചേരുന്നതാണ് കുടുംബം. കഴിഞ്ഞയാഴ്ച ഐഎസ്ഐഎസ് ആക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസിൽ സഹയ്ബ് അബു (28) ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. എല്ലാവരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നത് അസാധാരണമാണെന്ന് മെട്രോപൊളിറ്റൻ പോലീസിന്റെ കൗണ്ടർ ടെററിസം കമാൻഡ് മേധാവി കമാൻഡർ റിച്ചാർഡ് സ്മിത്ത് പറഞ്ഞു. സഹയ്ബിന്റെ സഹോദരൻ മുഹമ്മദ് (32) അദ്ദേഹത്തോടൊപ്പം വിചാരണ നേരിട്ടിരുന്നു. എന്നാൽ തീവ്രവാദ നിയമം 2000 പ്രകാരം തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.

 

നീചമായ ഐഎസ്ഐഎസ് വീഡിയോകളും സമാനമായ വസ്തുക്കളും പങ്കിട്ടതിന് 2019 ൽ 25 മാസത്തേക്ക് ജയിലിലടയ്ക്കപ്പെട്ട വ്യക്തിയാണ് അഹമ്മദ്. അനുബന്ധ കുറ്റങ്ങൾക്ക് സഹോദരി അസ്മയെയും ഭർത്താവിനെയും ഒരേ സമയം ജയിലിലേക്ക് അയച്ചു. ഇവരെ കൂടാതെ മറ്റു രണ്ട് സഹോദരന്മാർ 2015ൽ ഇസ്ലാമിക് സ്റ്റേറ്റിനായി പോരാടാൻ സിറിയയിലേക്ക് പോയി. ഒരാൾ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും മറ്റൊരാൾ തലയ്ക്ക് വെടിയേറ്റ് മരിച്ചുവെന്നും കരുതപ്പെടുന്നു. 1990 കളുടെ തുടക്കത്തിൽ സൊമാലിയയിൽ നിന്ന് യുകെയിലേയ്ക്ക് അബു മുനിയെയുടെ വരവോടെയാണ് കഥ ആരംഭിക്കുന്നത്. എന്നാൽ അക്കാലത്ത് സൊമാലിയൻ ആഭ്യന്തര യുദ്ധത്തിൽ നിന്ന് പലായനം ചെയ്ത അഭയാർഥികൾ യൂറോപ്പിലെ പല സ്ഥലങ്ങളിലേക്ക് പോയിരുന്നു. അപ്പോൾ രണ്ട് ഭാര്യമാരും മൂന്നുമാസം പ്രായമുള്ള മകൻ സഹെയ്ബും മറ്റു മക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഈസ്റ്റ് ലണ്ടൻ ബറോയിലെ റെഡ്ബ്രിഡ്ജിലാണ് ഇവർ താമസമാക്കിയത്. 2018 ഫെബ്രുവരിയിൽ, സഹെയ്ബിനെയും സഹോദരൻ മുഹമ്മദിനെയും ഒരു ജ്വല്ലറി സ്റ്റോർ കവർച്ചാശ്രമത്തിനിടെ പോലീസ് പിടികൂടിയിരുന്നു. അഹമ്മദ് അവീസ്, സഹോദരി അസ്മ, ഭർത്താവ് അബ്ദുൽ അസീസ് മുനെ എന്നിവർ മൊബൈലിലൂടെ തീവ്രവാദ പ്രചാരണം നടത്തിയതായി പോലീസ് കണ്ടെത്തി. ഇവരെല്ലാം ജയിലിലടയ്ക്കപ്പെട്ടു.