ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ വിമര്‍ശിച്ച് സംഗീതകാരന്‍ എ.ആര്‍.റഹ്മാന്‍ രംഗത്തെത്തിയിരുന്നു. ‘ഇതല്ല എന്റെ ഇന്ത്യ’യെന്ന് പറഞ്ഞ റഹ്മാനെതിരേ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. സമാന അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് വേറിട്ടവഴിയിലുള്ള സിനിമകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയുള്ള സന്തോഷ് പണ്ഡിറ്റ്. താങ്കളുടെ പ്രതികരണം കണ്ടാല്‍ ഗൗരി ലങ്കേഷിന്റേത് ഇന്ത്യയിലെ ആദ്യത്തെ കൊലപാതകമാണെന്ന് തോന്നുമെന്നും മനസിലെ ഇന്ത്യ ഇങ്ങനെയല്ലെങ്കില്‍ രാജ്യം വിട്ടുപൊയ്ക്കോളാനും പറയുന്നു സന്തോഷ് പണ്ഡിറ്റ്. ഫെയ്‌സ്ബുക്കിലൂടെയാണ് അഭിപ്രായപ്രകടനം.

”മഹാനായ സംഗീതജ്ഞന്‍ A.R. Rahman, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പ്രമുഖ മാധ്യമ പ്രവര്‍ത്തകയുടെ മരണത്തില്‍ അപലപിച്ചത് മനസ്സിലാക്കാം. വ്യക്തിപരമായി എനിക്കും ദുഃഖമുണ്ട്. പക്ഷേ തന്റെ പ്രതികരണത്തില്‍ അദ്ദേഹം ഉപയോഗിച്ച വാക്കുകളില്‍ വളരെ ദുഃഖമുണ്ട്. ഇത് അദ്ദേഹത്തിന്റെ മനസ്സില്‍ ഉള്ള ഇന്ത്യ അല്ല എന്നാണ് പറയുന്നത് (ഒരു murder നടക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണോ എന്തോ). സാര്‍, തമിഴ്നാട്ടില്‍ എത്രയോ കര്‍ഷകര്‍ കൃഷിനാശം വന്നും, ദാരിദ്രത്താലും ആത്മഹത്യ ചെയ്യുന്നു. അതൊന്നും നിങ്ങള്‍ ഇതുവരെ അറിഞ്ഞില്ല? മലയാളത്തിലെ പ്രമുഖ നടിയെ ക്രൂരമായി പീഡിപ്പിച്ചത് നിങ്ങള്‍ അറിഞ്ഞില്ലേ, ഡല്‍ഹിയില്‍ നിര്‍ഭയയുടെ കൊലപാതകം താങ്കള്‍ അറിഞ്ഞില്ലേ. കേരളത്തില്‍ ഓരോ വര്‍ഷവും എത്രയോ political murders നടക്കുന്നു. അതൊന്നും നിങ്ങള്‍ അറിഞ്ഞില്ലേ? കോയമ്പത്തൂര്‍ സ്ഫോടനവും മുംബൈ ആക്രമണവും ഒരു പ്രൊഫസറുടെ കൈ വെട്ടിയപ്പോഴും കാശ്മീരില്‍ ജവാന്മാരെ കൊല്ലുമ്പോഴും മുമ്പ് കേരളത്തില്‍ സുനാമി വന്ന് എത്രയോപേര്‍ മരിച്ചപ്പോഴും താങ്കളുടെ കാര്യമായ പ്രതികരണമൊന്നും കണ്ടില്ല… കാര്യം 1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയെങ്കിലും പല പല ജാതി, മതങ്ങള്‍, culture, ശൈലികള്‍, സ്വഭാവരീതി കാരണം നൂറ് ശതമാനം ഇന്ത്യ ഇനിയും set ആയിട്ടില്ല.

അതുകൊണ്ടാണ് ഇവിടെ പല ആഭ്യന്തര ലഹളയും രാഷ്ട്രീയ കൊലപാതകങ്ങളും നടക്കുന്നത്. കുറച്ച് വര്‍ഷം കൂടി കഴിഞ്ഞാല്‍ എല്ലാം ശരിയാകും. നിങ്ങളുടെ പ്രതികരണം വായിച്ചാല്‍ ഇന്ത്യയില്‍ ഇങ്ങനൊരു കൊലപാതകം ആദ്യമായിട്ടാണെന്ന് തോന്നും! അതുപോലെ നിങ്ങളുടെ മനസ്സില്‍ ഉള്ള ഇന്ത്യ ഇങ്ങനെ അല്ല എന്നും കണ്ടു. അത് വായിച്ചപ്പോള്‍ താങ്കള്‍ക്ക് ഇന്ത്യ വിട്ട് താങ്കളുടെ സ്വപ്നത്തിലെ നൂറ് ശതമാനം പൂര്‍ണതയുള്ള രാജ്യത്തിലേക്ക് പോകുവാന്‍ താല്പര്യമുള്ളതായ് തോന്നി. എങ്കില്‍ ഒട്ടും സമയം കളയണ്ട. എത്രയും പെട്ടെന്ന് പൊക്കോളൂ. താങ്കള്‍ ഈ രാജ്യത്തിന് ആവശ്യമാണ്. ഒരിക്കലും അത്യാവശ്യമല്ല. നല്ല കഴിവുള്ള എത്രയോ musicians ഇവിടെ ഉണ്ട്. താങ്കള്‍ ചെയ്തിരുന്ന ജോലികള്‍ അവര്‍ സന്തോഷത്തോടെ ചെയ്യും. ഇത്രയും കാലം താങ്കള്‍ എത്രയോ കോടികള്‍ ഈ ഇന്ത്യയില്‍ നിന്നും ജോലി ചെയ്ത് ഉണ്ടാക്കി. ഇനിയും കുറേ കോടികള്‍ ഉണ്ടാക്കും. സംഗീതത്തെയും ദൈവം തന്ന അപാരമായ കഴിവിനെയും ഭംഗിയായി വിറ്റ് കാശാക്കുന്നു. ഇന്ത്യ പെട്ടന്നൊന്നും താങ്കളുടെ സ്വപ്ന ഇന്ത്യ ആകില്ല. So ഇന്ത്യയില്‍ നിന്നും ഇനിയും പണം ഉണ്ടാക്കണമെന്നുണ്ടെങ്കില്‍ ഇവിടെ തന്നെ തുടര്‍ന്നോളൂ. all the best. അല്ലെങ്കില്‍ പോകൂ..”