സരിതാ നായരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ചാണ് സരിതയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചത്. സഹായികളായി ഒപ്പമുണ്ടായിരുന്നവർ സ്ലോ പോയിസൺ വഴി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് സോളാർ കേസ് പ്രതി സരിത പരാതിയിൽ പറയുന്നു.

വിളവൂർക്കൽ സ്വദേശി വിനുവിനും സംഘത്തിനുമെതിരെയാണ് സരിത പരാതി ഉയർത്തിയിരിക്കുന്നത്. ഇതിൽ വിനുവിനെ പ്രതിയാക്കി കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു. സോളാർ കേസിൽ അറസ്റ്റിലായി പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ വിനുവിന്റെയും സംഘത്തിന്റെയും അകമ്പടിയോടെയായിരുന്നു സരിത സഞ്ചരിച്ചിരുന്നത്. ഇതിനിടെയാണ് തനിക്ക് വിഷം നൽകിയത് എന്നാണ് സരിത പറയുന്നത്.

വിനു ജ്യൂസിൽ വിഷം കലർത്തുന്നത് നേരിട്ട് കണ്ടു. ഇതോടെ സഹായികളെ ഒഴിവാക്കിയതായും സരിത പരാതിയിൽ പറയുന്നു. തുടർന്ന് വിഷം അകത്തു ചെന്നതിനാൽ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ട്. കാലുകളുടെ ചലനശേഷി നഷ്ടമായെന്നും സരിത പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഒക്ടോബറിലായിരുന്നു സരിത പരാതി നൽകിയത്.

കേസിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്. അന്വേഷണ സംഘം വിനുവിന്റെ വീട്ടിൽ പരിശോധന നടത്തി. സരിതയുടെ വീട്ടിലെ കിണറിലെ വെള്ളം ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചു