വടകര എം.എല്‍.എ കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കൈരളി ചാനലില്‍ മാത്രം സാങ്കേതിക പ്രശ്‌നം മൂലം സംപ്രേഷണം തടസ്സപ്പെട്ടത് ചര്‍ച്ചയാവുന്നു. പി.ആര്‍.ഡിയാണ് എല്ലാ ചാനലുകള്‍ക്കും സത്യപ്രതിജ്ഞാ ദൃശ്യങ്ങള്‍ നല്‍കിയത്. മറ്റു ചാനലുകളിലൊന്നും സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നില്ല.

രമേശ് ചെന്നിത്തലക്ക് ശേഷം തോട്ടത്തില്‍ രവീന്ദ്രന്‍ അതിന് ശേഷം കെ.കെ രമ എന്ന ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. എന്നാല്‍ രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ദൃശ്യങ്ങള്‍ മരവിപ്പിച്ച കൈരളി ചാനല്‍ പി.ആര്‍.ഡി നല്‍കുന്ന വീഡിയോക്ക് സാങ്കേതിക പ്രശ്‌നങ്ങളുള്ളതിനാലാണ് ദൃശ്യങ്ങള്‍ മരവിച്ചതെന്നാണ് വിശദീകരിച്ചത്. എല്ലാ ചാനലുകള്‍ക്കും പി.ആര്‍.ഡിയാണ് ദൃശ്യങ്ങള്‍ നല്‍കിയത്. മറ്റു ചാനലുകള്‍ക്കൊന്നും സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നില്ല. എല്ലാ ചാനലുകളും കെ.കെ രമ സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.

കൈരളി ചാനലിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. കൈരളിയോട് മാത്രം പി.ആര്‍.ഡി വിവേചനം കാണിച്ചതിനെതിരെ ആക്ടിവിസ്റ്റ് ദിനു വെയില്‍ ‘പരാതി’ നല്‍കി. കൈരളി ചാനലിന് മാത്രം സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതില്‍ ഒരു പ്രേക്ഷകനെന്ന നിലയില്‍ പരാതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിവേചനപരമായ നടപടി പി.ആര്‍.ഡി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടി.പി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചാണ് കെ.കെ രമ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. പ്രതിപക്ഷ അംഗങ്ങള്‍ ഡെസ്‌കില്‍ അടിച്ചാണ് അവര്‍ക്ക് പിന്തുണ അറിയിച്ചത്. ഇവിടെ ജയിച്ചത് സഖാവ് ടി.പിയാണ്. അദ്ദേഹമാണ് സഭയിലുള്ളത്. അദ്ദേഹം മുന്നോട്ടുവെച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. അങ്ങനെയുള്ള കൊലപാതകരാഷ്ട്രീയത്തിനെതിരെ സന്ദേശം നല്‍കാനാണ് ഈ ബാഡ്ജ് ധരിച്ചുവന്നതെന്ന് രമ മാധ്യമങ്ങളോട് പറഞ്ഞു.