“വെള്ളിയാഴ്ച രാവിലെ റിയാദിൽനിന്ന് ഷിൻസി വിളിച്ച് ഏറെ സമയം എല്ലാവരുമായി സംസാരിച്ചു. ബഹ്റൈനിലേക്കുള്ള വീസ അനുവദിച്ചുവെന്ന സന്തോഷ വാർത്തയും പങ്കുവച്ചു. ശനിയാഴ്ച പുലർച്ചെ അവളുടെ ഭർത്താവ് ബിജോയാണ് വിളിച്ച് അപകടത്തിന്റെ വിവരങ്ങൾ അറിയിച്ചത്’ രാവിലത്തെ സന്തോഷ വാർത്തയെ തളർത്തിയെത്തിയ വേർപാടിന്റെ വേദനയെ ഉള്ളിലൊതുക്കിയ വയല എടച്ചേരിതടത്തിൽ ഫിലിപ്പിന്റെ വാക്കുകൾ.
ഫിലിപ്പ് -ലീലാമ്മ ദന്പതികളുടെ മൂന്നുമക്കളിൽ മൂത്തവളാണ് സൗദിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന ഷിൻസി. മുംബൈയിൽ നഴ്സിംഗ് പഠനം പൂർത്തീകരിച്ച ഷിൻസി രണ്ടു വർഷം മുന്പാണ് റിയാദിൽ ജോലിയ്ക്കായി പോയത്. നാലുമാസം മുന്പ് നാട്ടിലെത്തി വിവാഹം കഴിഞ്ഞ് വീണ്ടും റിയാദിലേക്ക് മടങ്ങുകയായിരന്നു.
ഭർത്താവ് കോട്ടയം കുഴിമറ്റം സ്വദേശി ബിജോ കുര്യൻ ബഹ്റൈനിൽ സ്റ്റാഫ് നഴ്സായതിനാൽ റിയാദിലെ ജോലി രാജിവച്ച് ബഹ്റൈനിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു ഷിൻസിയും. ബഹ്റൈനിലേക്കുള്ള വീസ കൈയിൽ കിട്ടിയില്ലെങ്കിലും വീസ അനുവദിച്ചുവെന്നറിഞ്ഞ വിവരം വെള്ളിയാഴ്ച രാവിലെ ഷിൻസി തന്നെയാണ് വയലായിലെ വീട്ടിലേക്ക് വിളിച്ചറിയിച്ചത്.
അടുത്ത ആഴ്ചയിൽ ബഹ്റൈനിലേക്കു പോകാനാകുമെന്ന പ്രതീക്ഷിയിലായിരുന്നു.ഇന്നലെ സുഹൃത്തുക്കളുമൊത്ത് യാത്രചെയ്യുന്നതിനിടയിലാണ് ഷിൻസി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്തിനു സമീപമുണ്ടായിരുന്ന ആശുപത്രിയിലെത്തിച്ച ഷിൻസിയെ അവിടെ സേവനം ചെയ്യുന്ന സുഹൃത്തുക്കളായ മലയാളി നഴ്സുമാർ തിരിച്ചറിഞ്ഞ് വിവരം ഭർത്താവ് ബിജോ കുര്യനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ബിജോ നാട്ടിലേക്ക് വിവരം കൈമാറിയത്.
പ്രിയപ്പെട്ട ചേച്ചിയുടെ വിയോഗവാർത്ത അറിയുന്പോൾ സഹോദരി ഷൈമ പൂനൈയിൽനിന്ന് നാട്ടിലേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു. പൂനൈയിൽ ഫിസിയോ തെറാപ്പി പഠനം പൂർത്തീകരിച്ച് നാട്ടിലേക്കു വരികയായിരുന്നു ഷൈമ. നാലുമാസം മുന്പ് കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വിവാഹം ചെയ്തയച്ച പ്രിയപ്പെട്ട മകളുടെ വിയോഗ വേദനയിൽ തകർന്നിരിക്കുകയാണ് എടച്ചേരിതടത്തിൽ കുടുംബം. സഹോദരൻ ടോണി മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്.
Leave a Reply