റിയാദ്: സാമ്പത്തിക-നയതന്ത്ര ഉപരോധത്തിന് പിന്നാലെ ഖത്തറിനെ ഒറ്റപ്പെട്ട ദ്വീപാക്കി മാറ്റാനുള്ള നീക്കവുമായി സൗദി അറേബ്യ. സൗദിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് കൂടി വലിയ കനാല്‍ നിര്‍മ്മിക്കാനാണ് സൗദി ഭരണകൂടം പദ്ധതിയിടുന്നത്. കിരീടാവകാശി മുഹമ്മദ് സല്‍മാന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് സയിദ് അല്‍-ഖഹ്താനി ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം സൗദിയുടെ പുതിയ നീക്കത്തോട് പ്രതികരിക്കാന്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടില്ല. സല്‍വ ഐലന്റ് എന്നാണ് പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്.

സല്‍വ ഐലന്റ് പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും. ചരിത്രപരമായ നീക്കം സൗദിയുടെ ഭൂമിശാസ്ത്രം തന്നെ മാറ്റാന്‍ കാരണമാകുമെന്നും സയിദ് അല്‍-ഖഹ്താനി പറഞ്ഞു. ഏതാണ്ട് 580 മില്യണ്‍ പൗണ്ട് ചെലവ് വരുന്ന പദ്ധതി നടത്തിപ്പിനായി 5 കമ്പനികള്‍ ഇതിനോടകം കരാര്‍ സമര്‍പ്പിച്ചതായിട്ടാണ് വിവരം. കനാല്‍ നിര്‍മ്മാണത്തില്‍ വിദഗ്ദ്ധരായ ഈ കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ പക്ഷേ അധികൃതര്‍ തയ്യാറായിട്ടില്ല. 60 മൈല്‍ നീളവും 200 മീറ്റര്‍ വീതിയും കനാലിനുണ്ടാവും. ഇതോടെ ഖത്തര്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാവും. കനാലിനോട് അനുബന്ധിച്ച് ന്യൂക്ലിയര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള പ്ലാന്റും നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ അവസാനം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കമ്പനിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ‘മക്ക’ ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷമാണ് ഖത്തറും സൗദിയുമായുള്ള നയതന്ത്രബന്ധം വഷളാകുന്നത്. ഖത്തര്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതായി ആരോപിച്ച സൗദി സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്തി. സൗദിക്ക് പിന്നാലെ യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളും ഖത്തറിനെതിരെ തിരിഞ്ഞു. ഖത്തറുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും റദ്ദാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തറില്‍ നിന്നുള്ള വ്യാപാരികളെയും ജോലിക്കാരെയും സൗദി തിരിച്ചയക്കുകയും ചെയ്തിരുന്നു.