സൗദിയിൽ മുണ്ട് ഉടുക്കാം….! പ്രചരിക്കുന്നത് വ്യാജ വാർത്ത; സത്യാവസ്ഥ അറിയാതെ മലയാളികളിൽ പലരും വീടിന് പുറത്തിറങ്ങാത്ത അവസ്ഥയിൽ

സൗദിയിൽ മുണ്ട് ഉടുക്കാം….! പ്രചരിക്കുന്നത് വ്യാജ വാർത്ത; സത്യാവസ്ഥ അറിയാതെ മലയാളികളിൽ പലരും വീടിന് പുറത്തിറങ്ങാത്ത അവസ്ഥയിൽ
April 15 13:43 2019 Print This Article

സൗദിയിൽ കേരളത്തിന്റെ തനത് വസ്ത്രമായ മുണ്ടെടുത്ത് പുറത്തിറങ്ങുന്നത് നിയമ ലംഘനമാണെന്ന വ്യാജ പ്രചാരണം സജീവം. സൗദി അറേബ്യയിൽ പാലിക്കേണ്ട പൊതുമര്യാദകളും ലംഘിച്ചാലുള്ള ശിക്ഷയും സംബന്ധിച്ച നിയമത്തിന് കഴിഞ്ഞ ദിവസം ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഇത് സംബന്ധിച്ച് അറബി ചാനലുകളിൽ വന്ന വാർത്തയുടെ ക്ലിപ്പ് തെറ്റായി പരിഭാഷപ്പെടുത്തിയാണ് പ്രചാരണം. സൗദിയിൽ മുണ്ടെടുത്ത് പുറത്തിറങ്ങന്നതിന് നിലവിൽ ഒരു വിലക്കും ഇല്ല.

അതേസമയം രാജ്യത്ത് നിഷ്കർഷിക്കുന്ന തരത്തിൽ മാന്യമായി വസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴയും തടവും അനുഭവിക്കേണ്ടി വരും. സന്ദർശക വിസയിൽ കേരളത്തിൽ നിന്നെത്തുന്ന പ്രായം കൂടിയവർ തനത് വസ്ത്രമായ മുണ്ടാണ് ഉപയോഗിക്കുന്നത്. വ്യാജ വാർത്ത പരന്നതോടെ സത്യാവസ്ഥ അറിയാതെ പലരും വീടിന് പുറത്തിറങ്ങാതെയായി. അടി വസ്ത്രങ്ങൾ ഉൾപ്പടെയുള്ള വസ്ത്രങ്ങൾ ധരിച്ചു പൊതു സ്ഥലങ്ങളിൽ ഇറങ്ങുന്നതാണ് നിലവിൽ വിലക്കിയിട്ടുള്ളത്.

പൊതു സ്ഥലങ്ങളിൽ അനുമതിയില്ലാതെ രഹസ്യ ക്യാമറകൾ ഉപയോഗിക്കൽ, ഭിന്നശേഷിക്കാർക്കായി പ്രത്യേകം എഴുതി വെച്ച സീറ്റിൽ ഇരിക്കൽ, മാലിന്യങ്ങൾ വലിച്ചെറിയൽ,ലൈസൻസില്ലാതെ പരസ്യ പോസ്റ്റ്റുകൾ പതിക്കൽ, യാത്രക്കാരെ ശല്യപ്പെടുത്തൽ,നിരോധിത മേഖലകളിൽ പുകവലിക്കൽ, അതിന്റെ വേസ്റ്റ് പൊതു ഇടങ്ങളിൽ വലിച്ചെറിയാൻ, തുടങ്ങി പതിനേഴ് പൊതു മര്യാദകൾ പാലിക്കണമെന്നും അല്ലാത്തപക്ഷം അഞ്ചു മാസം തടവും പതിനായിരം റിയാൽ പിഴയും ഈടാക്കണമെന്നുമാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.

വ്യാജ വാർത്ത പ്രചരിപ്പിക്കൽ സൗദിയിൽ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഉറവിടം വ്യക്തമല്ലാത്ത ഇത്തരം വ്യാജവാർത്തകൾ കിട്ടിയ ഉടനെ വാട്സ്ആപ്പ്,ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിൽ നിന്ന് മലയാളികൾ മാറി നിൽക്കണമെന്നും അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ നിയമക്കുരുക്കിൽ അകപ്പെടുമെന്നും സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles