നാസയുടെ ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയില്‍ നിന്നയച്ച ഒരു ചിത്രത്തിന് പിന്നാലെയാണിപ്പോള്‍ ശാസ്ത്രലോകം. ചിത്രത്തില്‍ പാറ തുരന്നുണ്ടാക്കിയ കവാടം പോലെ കാണാവുന്ന ഒരു വാതിലാണ് ദുരൂഹതയുണര്‍ത്തുന്നത്. പിരമിഡുകളുടെയൊക്കെ പുറം വാതില്‍ പോലെ മലയിടുക്ക് തുരന്നുള്ള ഒരു വാതിലാണ് ചിത്രത്തിലുള്ളത്. കാഴ്ചയ്ക്ക് കൃത്യമായ അളവുകളോടെ ചതുരാകൃതിയിലാണ് വാതില്‍.
ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഇത് അന്യഗ്രഹജീവികളുണ്ടാക്കിയതാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. ചൊവ്വയില്‍ ഏലിയന്‍സ് ഉണ്ടെന്ന കാര്യം ശരിവയ്ക്കുന്നതാണ് ചിത്രമെന്നാണ് പലരും വാദിക്കുന്നത്. വാതില്‍ മറ്റൊരു ലോകത്തേക്കുള്ള കവാടമാണെന്നും അഭ്യൂഹമുണ്ട്. ഇാ ലോകമെന്ന് പറയുന്നത് അന്യഗ്രഹജീവികളുടെ സങ്കേതമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
വാതിലിനെക്കുറിച്ച് കൃത്യമായ സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. ചിലപ്പോള്‍ ഇത് പാറയിടുക്കിലുണ്ടായ ഏതെങ്കിലും തരം ഘടനാവ്യത്യാസമാകാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയിലേത് പോലെ ചൊവ്വയിലും പ്രകമ്പനങ്ങളുണ്ടാകാറുണ്ട്. ഇത്തരത്തില്‍ വലിയൊരു പ്രകമ്പനം കഴിഞ്ഞ മെയ് നാലിന് സംഭവിച്ചിരുന്നു. ഇത്തരം കമ്പനങ്ങളുടെ ഭാഗമായി പാറക്കെട്ടുകളിലും മറ്റും പിളര്‍പ്പുകളും അകന്നു മാറലുകളും ഉണ്ടാകാം. ഇത്തരത്തിലുണ്ടായ ഒരു ഘടനയാകാം ഇതെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
ചൊവ്വയിലെ ഗ്രീന്‍ഹ്യൂ പെഡിമെന്റ് എന്ന മേഖലയില്‍ നിന്ന് ക്യൂരിയോസിറ്റിയുടെ മാസ്റ്റ്ക്യാം എന്ന ക്യാമറയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. കാഴ്ചയില്‍ വലുതെന്ന് തോന്നുമെങ്കിലും വാതിലിന് സെന്റിമീറ്ററുകളുടെ പൊക്കമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ എന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. എന്നിരുന്നാലും കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ശേഷമേ വാതിലിന് പിന്നിലെ എന്ത് കാര്യത്തിലും വ്യക്തമായ ധാരണയുണ്ടാകൂ.
Leave a Reply