ഉത്തർപ്രദേശിലെ ബറാബാൻകിയിൽ ഭീതി വിതക്കുന്ന സീരിയൽ കില്ലറിന്റെ ഫോട്ടോ യുപി പോലീസ് പുറത്ത് വിട്ടു. മുന്നറിയിപ്പ് നൽകികൊണ്ടാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം സോഷ്യൽമീഡിയ വഴി പങ്കിട്ടത്. ഭീകരനായ ഈ കൊലയാളിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

50-നും 60-നും ഇടയിൽ പ്രായമുള്ള മൂന്ന് സ്ത്രീകളെയാണ് ഇതുവരെ ഇയാൾ ഇല്ലാതെയാക്കിയത്. ഇരകളുടെ പ്രായം, കൊല ചെയ്ത രീതിയിൽ കണ്ട സാമ്യതകൾ എന്നിവയാണ് സീരിയൽ കില്ലറാകാം എന്ന നിഗമനത്തിലേയ്ക്ക് എത്തിച്ചത്. മധ്യവയസ്സ് പിന്നിട്ട സ്ത്രീകളാണ് പ്രധാനമായും ഇയാളുടെ ഇരയാകുന്നത്. താഴ്ന്ന സാമൂഹ്യ സാഹചര്യങ്ങളിലുള്ള ഇരകളെയാണ് ഇയാൾ ലക്ഷ്യമിടുന്നത്.

കൊലപാതകത്തിനു ശേഷം, ഇരകളുടെ മൃതദേഹങ്ങൾ നഗ്നമായ നിലയിൽ ഉപേക്ഷിച്ചു പോവുകയാണ് പതിവ് രീതി. കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളുടെയും മുഖത്തും തലയിലുമുള്ള മുറിപ്പാടുകൾ സമാനമായിരുന്നു. ഈ സാമ്യതകൾ കണ്ടെത്തിയതിനെ തുടർന്നാണ്, പൊലീസ് ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്.

ഡിസംബർ ആറിനാണ് ഇവയിൽ ആദ്യ കൊലപാതകം നടന്നത്. അയോധ്യ ജില്ലയിലെ ഖുഷേതി ഗ്രാമത്തിലാണ് മധ്യവയസ്സു കഴിഞ്ഞ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 11 ദിവസങ്ങൾക്കു ശേഷം സമാനമായ സാഹചര്യത്തിൽ മറ്റൊരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബറബാൻകി നിവാസിയായ വീട്ടമ്മയാണ് ഇത്തവണ കൊല്ലപ്പെട്ടത്.

12 ദിവസങ്ങൾക്കു ശേഷമാണ് മൂന്നാമത്തെ കൊലപാതകം നടക്കുന്നത്. ഡിസംബർ 29-നാണ് തതാറാ ഗ്രാമത്തിലുള്ള ഒരു സ്ത്രീയെ കാണാതായത്. വീടിനു പുറത്ത് രാത്രിയിൽ മൂത്രമൊഴിക്കാൻ പോയപ്പോഴായിരുന്നു ഇവരെ കാണാതായത്. പിറ്റേ ദിവസം ഇവരുടെ നഗ്നമായ നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതിയെ ഉടനടി പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസും. ഒരു മാസത്തിനുള്ളിൽ 3 കൊലപാതകങ്ങൾ പ്രദേശവാസികളെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.