ദിനേശ് വെള്ളാപ്പിള്ളി
പെരിയാറിന്റെ തീരത്ത് ലക്ഷക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തുന്ന ദിവസമാണ് ശിവരാത്രി. ശിവരാത്രി മണല്‍പ്പുറത്ത് ഉറക്കം ഒഴിച്ചില്‍ കഴിഞ്ഞ് പിതൃക്കളുടെ ആത്മാവിന് ശാന്തി നല്‍കാനായി ബലിതര്‍പ്പണം നടത്തുമ്പോള്‍ പെരിയാറിന്റെ കര ഭക്തിസാന്ദ്രമാകും. തിരക്കേറിയ ഈ അവസരത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള അടിയന്തര ഘട്ടങ്ങള്‍ നേരിടാന്‍ സുസജ്ജമായ മെഡിക്കല്‍ ടീമും, സൗജന്യ ആംബുലന്‍സ് സൗകര്യവും ഒരുക്കി സേവനം യുകെ ഇക്കുറിയും കര്‍മ്മനിരതരായി രംഗത്തുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ശിവരാത്രിയോട് അനുബന്ധിച്ച് സേവനം യുകെ സൗജന്യ ആംബുലന്‍സ്, മെഡിക്കല്‍ സേവനം എന്നിവ സംഘടന ആദ്യമായി ലഭ്യമാക്കിയത്. ഭക്തജനലക്ഷങ്ങള്‍ക്ക് ഉപകാരപ്രദമായ ഈ സേവനങ്ങള്‍ക്ക് സമൂഹത്തിന്റെ വിവിധ ധാരകളില്‍ നിന്നുമുള്ള പ്രശംസ സേവനം യുകെയെ തേടിയെത്തിയിരുന്നു. ഗുരുദേവ ദര്‍ശനങ്ങളില്‍ അടിയുറച്ച് ജാതിയും, മതവും, അനുഷ്ഠാനങ്ങളുമില്ലാതെ മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുകയെന്ന ആശയം പ്രാവര്‍ത്തികമാക്കുകയാണ് സേവനം യുകെ.
വിദഗ്ദ്ധരായ ഡോക്ടര്‍മാരും, നഴ്സുമാരും ഉള്‍പ്പെടുള്ള സുസജ്ജമായ മെഡിക്കല്‍ ടീമും, ആംബുലന്‍സ് സേവനവും ഏത് അടിയന്തരഘട്ടത്തിലും പ്രയോജനകരമായ രീതിയില്‍ ഒരുക്കുകയാണ് സേവനം യുകെ. ഫെബ്രുവരി 13ന് ആലുവ ശിവരാത്രി സര്‍വ്വമത സമ്മേളനത്തിന്റെ ഭാഗമായി സേവനം യുകെയുടെ ഈ വര്‍ഷത്തെ സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുകയാണ് സേവനം യുകെ ലക്ഷ്യമാക്കുന്നതെന്ന് ഭരണസമിതി അറിയിച്ചു. കൂടാതെ ഇത്തവണത്തെ സര്‍വ്വമത സമ്മേളന വേദിയെ ഭക്തിനിര്‍ഭരമാക്കുവാന്‍ സേവനം യുകെയുടെ സമര്‍പ്പണത്തില്‍ ഗുരുദേവ കൃതികളും ഗുരുദേവ കീര്‍ത്തനങ്ങളും കോര്‍ത്തിണക്കി ശ്രീ ദുര്‍ഗാദാസ് മലയാറ്റൂര്‍ അവതരിപ്പിക്കുന്ന ഗുരുഗീത് ഭജന്‍സും ഉണ്ടാകുമെന്ന് അവര്‍ വ്യക്തമാക്കി.
വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെട്ടവയാണ് ആംബുലന്‍സ്. യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവനം യുകെ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി ലോകമലയാളി സമൂഹത്തിനിടയില്‍ പ്രവര്‍ത്തനം ശക്തമാക്കുകയാണ്. യുകെ മലയാളി സമൂഹം സേവനം യുകെയുടെ മുന്നേറ്റത്തിനായി മികച്ച സഹകരണവും നല്‍കുന്നുണ്ട്.
Leave a Reply