തിരുവനന്തപുരം: പ്രമുഖ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പാര്‍ട്ടി വിട്ടേക്കാമെന്ന അഭ്യൂഹങ്ങള്‍ കുറച്ച് ദിവസമായി ശക്തമാണ്. തരൂര്‍ ബിജെപിയുടെ തട്ടകത്തിലേക്കാണ് ചേക്കേറുന്നതെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതിനെല്ലാം വിശദീകരണവുമായി തരൂര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്.

തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കു പോവാനൊരുങ്ങുകയാണെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശുദ്ധ അസംബന്ധമാണെന്ന് തരൂര്‍ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി. തന്റെയും ബിജെപിയെടും നിലപാടുകള്‍ തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ അവരുമായി ഒരിക്കലും ഒത്തുപോവാന്‍ കഴിയില്ലെന്നും തരൂര്‍ കുറിച്ചു.

കഴിഞ്ഞ നാല്‍പതിലധികം വര്‍ഷങ്ങളായി ഇന്ത്യയുടെ ബഹുസ്വരതയെ പ്രതിരോധിച്ചു കൊണ്ട് എഴുതുകയും പ്രസംഗിക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. അതിനാല്‍ ബിജെപിയിലേക്ക് തനിക്ക് ഒരിക്കലും പോവാന്‍ സാധിക്കില്ലെന്നും തരൂര്‍ വിശദമാക്കി. രാജ്യത്തെ മുഴുവന്‍ പേര്‍ക്കും വിഭാഗങ്ങള്‍ക്കും തുല്യ അവകാശം വേണമെന്നതാണ് എന്റെ ഇക്കാലം വരെയുള്ള നിലപാട്. ഇതില്‍ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു.

താന്‍ ബിജെപിയിലേക്ക് പോവുന്നുവെന്ന തരത്തില്‍ നേരത്തേയും വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. ഇപ്പോഴത്തേതു പോലെ അത്തരം വാര്‍ത്തകളെ അന്നും താന്‍ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും തരൂര്‍ കുറിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തരൂര്‍ അടക്കമുള്ള നാലു കോണ്‍ഗ്രസ് നേതാക്കള്‍ക്കു ബിജെപിയില്‍ ചേരാന്‍ പദ്ധതിയിടുന്നുണ്ടെന്ന് ആരോപിച്ചത്. കെപിസിസി പ്രസിഡന്റ് എംഎം ഹസനെ ഉദ്ധരിച്ചായിരുന്നു കോടിയേരി ഇക്കാര്യം പറഞ്ഞത്.

കോടിയേരിയുടെ പ്രസ്താവനയെ ഹസ്സന്‍ കളിയാക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നു ബിജെപിക്ക് ആളെ പിടിച്ചുകൊടുക്കുന്ന പണി കോടിയേരി ഏറ്റെടുത്തിരിക്കുകയാണെന്ന് ഹസന്‍ പരിഹസിച്ചിരുന്നു.