രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. പ്രസ്ഥാവനക്കെതിരെ സൈബർ ലോകത്തും രോഷം കടുക്കുകയാണ്. ഷാഫി പറമ്പിൽ എംഎൽഎയും മോദിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ‘ആർട്ടിസ്റ്റ് മോദി ഇത്ര ചീപ്പാണെന്ന് തന്നെയാ വിചാരിച്ചിരുന്നത്. രാജ്യത്തിന് വേണ്ടി തലച്ചോറ് വരെ ചിതറി തെറിച്ചവന്റെ സ്ഥാനവും അന്തസ്സും ‘ഷൂവർക്കർമാർക്ക്’ മനസ്സിലാവില്ല’ ഷാഫി കുറിച്ചു. പ്രസ്ഥാവനക്കെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു.

മോദിക്ക് മോദിയെക്കുറിച്ച് തോന്നുന്ന കാര്യം മറ്റുള്ളവര്‍ക്കുമേല്‍ ചാരേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ തുറന്നടിച്ചു.’പരാമര്‍ശങ്ങള്‍ കൊണ്ട് മോദിക്ക് രക്ഷപെടാനാവില്ല. യുദ്ധം കഴിഞ്ഞു. കര്‍മഫലം മോദിയെ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. താങ്കള്‍ക്ക് എന്റെ എല്ലാ സ്നേഹവും ഒരു വലിയ കെട്ടിപ്പിടുത്തവും– രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. മോദിക്ക് അമേഠി മറുപടി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കൂട്ടിച്ചേര്‍ത്തു. മോദി മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയാണെന്ന് പി.ചിദംബരവും പറഞ്ഞു. വഞ്ചകര്‍ക്ക് രാജ്യം മാപ്പുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് രംഗത്തെത്തിയത്. ഉത്തർപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ഒന്നാം നമ്പർ അഴിമതിക്കാരനായാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചതെന്ന് മോദി പറഞ്ഞത്.

തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന രാഹുലിന്റെ ലക്ഷ്യം തനിക്കുള്ള ജനസമ്മതി തകർക്കലാണ്. ‘മിസ്റ്റർ ക്ലീൻ’ എന്നായിരുന്നു നിങ്ങളുടെ പിതാവിനെ സേവകർ വിളിച്ചിരുന്നത്. പക്ഷേ ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് ജീവിതം അവസാനിച്ചത്. രാജീവ് ഗാന്ധിയുടെ പേര് എടുത്തു പറയാതെയുള്ള മോദിയുടെ വിമർശനം ഇതായിരുന്നു.