കൊച്ചി മറൈന്‍ ഡ്രൈവില്‍ വാടക കുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ ജിസിഡിഎ അധികൃതര്‍ കട അടച്ച് പൂട്ടി. ഉപജീവന മാര്‍ഗം ഇല്ലാതായതോടെ നാല് ദിവസമായി കടക്ക് മുന്നില്‍ സമരത്തിലായിരുന്നു അന്‍പത്തിനാലുകാരിയായ വീട്ടമ്മ. വാടക കുടിശ്ശിക ഇനത്തില്‍ ഒന്‍പത് ലക്ഷം രൂപ അടക്കാനുണ്ടെന്നാണ് ജിസിഡിഎ അധികൃതര്‍ പറയുന്നത്. മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ പ്രമുഖ വ്യവസായി എം എ യൂസഫലി പ്രസന്ന അടക്കാനുള്ള തുക മുഴുവന്‍ അടക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.

താന്തോന്നി തുരുത്ത് സ്വദേശിയായ പ്രസന്നയുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു കട. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകളും ഇവര്‍ക്കുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് 2015 ല്‍ ഇവര്‍ക്ക് തറവാടക ഈടാക്കി ഇവിടെ കട തുടങ്ങാന്‍ അനുമതി നല്‍കിയത്. ഇപ്പോള്‍ പ്രതിമാസം പതിമൂവായിരത്തി എണ്ണൂറ് രൂപയാണ് വാടക. മൂന്നര ലക്ഷം രൂപ വായ്പയെടുത്ത് കട പണിതു. പ്രളയവും കോവിഡ് ലോക്ക് ഡൗണും നടപ്പാത നവീകരണവുമൊക്കെ കാരണം രണ്ട് വര്‍ഷമായി കച്ചവടം ഇല്ലാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കട തുറന്നപ്പോഴാണ് ജിസിഡിഎ അധികൃതരെത്തി ഒഴിപ്പിക്കല്‍ നടത്തിയത്. സാധനങ്ങളെല്ലാം വാരി പുറത്തിട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2015 മുതല്‍ വാടക അടക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നുവെന്നും പല തവണ നോട്ടീസ് നല്‍കിയതിനു ശേഷമാണ് നടപടി എടുത്തതെന്നുമാണ് ജിസിഡിഎയുടെ വിശദീകരണം. ഒരു നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്നും ചെയര്‍മാന്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ എറണാകുളം എംഎല്‍എ ടി ജെ വിനോദ് ഇടപെട്ടു. ഇതിനിടെയാണ് ലുലു ഗ്രൂപ്പ് പ്രസന്നക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. നാളെത്തന്നെ ലുലു ഗ്രൂപ്പ് അധികൃതര്‍ തുക മുഴുവന്‍ ജിസിഡിഎയില്‍ അടക്കുമെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി അറിയിച്ചു.