ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
ഇത് സിസ്റ്റര്‍ ആനി മരിയ.
പുഞ്ചിരിയുടെ രാജകുമാരി.
ആ പുഞ്ചിരി ഇനി ഭൂമിയിലില്ല. കര്‍ത്താവിന്റെ സന്നിധിയില്‍ മാലാഖമാര്‍ക്കൊപ്പം സ്തുതി പാടും..

ഇതൊരു ഓര്‍മ്മക്കുറിപ്പാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ ഏറ്റവും ചെറുതെന്നു വിശേഷിപ്പിക്കാവുന്ന കോട്ടയ്ക്കുപുറം ഇടവകക്കാരുടെ സ്വന്തം സിസ്റ്റര്‍ ആനി മരിയ. പൂവന്‍ നില്‍ക്കുന്നേല്‍ തെക്കേത്തോട്ടത്തില്‍ കുടുംബത്തില്‍ ഔസേപ്പിന്റേയും മേരിയുടെയും മകളായി ആയിരത്തി തൊള്ളായിരത്തി ഇരുപത്തിനാലില്‍ കോട്ടയ്ക്കുപുറത്തു ജനിച്ചു. സഭാ വസ്ത്രം ധരിക്കുമ്പോള്‍ ഞാന്‍ ജനിച്ചിട്ടു പോലുമില്ല. നാല്‍പത്തിമൂന്നു വര്‍ഷം സെന്റ് ആന്‍സ് കോണ്‍വെന്റില്‍ സേവനമനുഷ്ഠിച്ചു. ദീര്‍ഘവീക്ഷണമുള്ള വ്യക്തിയായിരുന്നു സിസ്റ്റര്‍.


എബിസണ്‍ ജോസ്

കോട്ടയ്ക്കുപുറത്ത് ഒരു ഹൈസ്‌കൂള്‍ വരണം എന്ന് ആഗ്രഹിച്ച് അതിനുള്ള പ്രാഥമിക നടപടികളും നടത്തിയിരുന്നു. സമൂഹത്തിന്റെ വളര്‍ച്ചയായിരുന്നു ജീവിത ലക്ഷ്യം. പാവങ്ങളോടുള്ള കരുണയായിരുന്നു സിസ്റ്ററിനെ ജനഹൃദയങ്ങളിലെത്തിച്ചത്. സിസ്റ്ററിന്റെ വേര്‍പാട് ഒരു തീരാ ദുഖമായി തലമുറകളില്‍ തുടരും ഇതൊരാമുഖം മാത്രം…

ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ!
എന്നാല്‍ ചുട്ടയിലെ ശീലം നമുക്ക് ഉണ്ടാക്കി തരുന്നവരെ പലപ്പോഴും നാം ഓര്‍മ്മിക്കാറില്ല എന്നതാണ് വാസ്തവം.
പക്ഷേ ബാല്യത്തിലെ എന്റെ ശീലങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു മാതൃകാ അധ്യാപികയാണ് സിസ്റ്റര്‍ ആനി മരിയ.

എന്നും സുഗന്ധമുള്ള ഓര്‍മ്മകളാണ് സിസ്റ്റര്‍ ആനി മരിയയെ ഓര്‍ക്കുമ്പോള്‍….
എന്റെ കുട്ടിക്കാലം.
ബാല്യത്തിലെ ഏറ്റവും വലിയ ഓര്‍മ്മയാണല്ലോ അദ്യകുര്‍ബാന സ്വീകരണം. എന്നാല്‍
ആദ്യകുര്‍ബാന സ്വീകരണത്തിന് വളരെ മുമ്പേ തന്നെ അധ്യാപനത്തിലൂടെ എന്നെ ഈശോയെ പരിചയപ്പെടുത്തിയ വ്യക്തിത്വമാണ് സിസ്റ്റര്‍ ആനി മരിയ.

ആദ്യ കുര്‍ബാന സ്വീകരണ പരിശീലനം സിസ്റ്റര്‍ ആനി മരിയയുടെ കീഴില്‍ എനിക്കും എന്റെ മൂത്ത മകള്‍ക്കും സാധിച്ചു എന്നുള്ളത് അത്ഭുതത്തോടെയാണ് ഇന്നു ഞാന്‍ ഓര്‍ക്കുന്നത്. ഈശോയുടെ മുഖത്തേയ്ക്ക് നോക്കുന്നവര്‍ പ്രകാശിതരാകുമെന്ന് സിസ്റ്റര്‍ എപ്പോഴും പറയുമായിരുന്നു.

സിസ്റ്റര്‍ ആനി മരിയ എന്നാല്‍ ‘പുഞ്ചിരിയുടെ രാജകുമാരി’ എന്ന് വിശേഷിപ്പിക്കാം. അപരിചിതര്‍ക്കും അങ്ങനെ തന്നെ. പ്രതിസന്ധിഘട്ടങ്ങളെ നേരിടുന്ന ആ പുഞ്ചിരി മൂന്ന് വര്‍ഷം മുമ്പ് കേരളത്തില്‍ വന്നപ്പോള്‍ എനിക്ക് വീണ്ടും കാണുവാന്‍ സാധിച്ചു. ഇത്രയും വേഗം അത് അസ്തമിക്കും എന്ന് ഞാനോര്‍ത്തില്ല. സിസ്റ്ററിനെ അറിയാവുന്ന ആര്‍ക്കും പ്രത്യേകിച്ച് കോട്ടയ്ക്കുപുറംകാര്‍ക്ക് ആ പുഞ്ചിരി ഒരിക്കലും മറക്കാന്‍ ആവുന്നതല്ല.

തങ്ങള്‍ക്കുള്ള ചെറുതും വലുതുമായ കഴിവുകള്‍ ദൈവസ്തുതിക്കായി ഉപയോഗിക്കണമെന്ന് ഞങ്ങളെ വ്യക്തമായി ചെറുപ്പത്തില്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തത് ഞാനോര്‍ക്കുന്നു.
ദൈവ സ്‌തോത്രം ആലപിക്കുവാന്‍ ആരും യേശുദാസ് ആകേണ്ട കാര്യമില്ല എന്ന് ഞങ്ങളെ എപ്പോഴും ഓര്‍മിപ്പിക്കുമായിരുന്നു… തങ്ങളാല്‍ കഴിയാവുന്നതുപോലെ ആത്മാര്‍ത്ഥമായി പാടി ദൈവത്തെ സ്തുതിക്കുക എന്നായിരുന്നു ഞങ്ങളെ എപ്പോഴും ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നത്. സംഗീതത്തില്‍ എളിയരീതിയില്‍ എങ്കിലും വലിയ ഒരു ആത്മവിശ്വാസം ഉണ്ടാക്കി തരുവാന്‍ സിസ്റ്റര്‍ ആനി മരിയയുടെ സ്വാധീനം എനിക്ക് ഉപകരിച്ചിട്ടുണ്ട് എന്ന് ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു…
മത പഠന കാര്യങ്ങളില്‍ മാത്രമല്ല നല്ല പാഠ്യേതര വിഷയങ്ങളും ഞങ്ങള്‍ക്ക് സിസ്റ്റര്‍ പറഞ്ഞു മനസ്സിലാക്കി തരുമായിരുന്നു. ചെറുപുഷ്പ മിഷന്‍ ലീഗ് അനിമേറ്റര്‍ ആയിരുന്ന സമയത്ത് കുടമാളൂര്‍ പദയാത്രയില്‍, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മ ഗൃഹത്തിലേക്ക് ഞങ്ങളെ നയിച്ചിരുന്നത് സിസ്റ്റര്‍ ആയിരുന്നു. ഫൊറോനാ തലത്തിലും രൂപതാ തലത്തിലുമുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും വിജയിച്ചുളള മടക്കയാത്രയില്‍ ഒപ്പമുള്ള ഉള്ള ബസിലെ യാത്രക്കാരെ വരെ അമ്പരപ്പിച്ചുകൊണ്ട് ജയഘോഷങ്ങളും മുദ്രാവാക്യങ്ങളും വിളിച്ചു സമ്മാനങ്ങള്‍ നേടിയുള്ള ആ തിരിച്ചുവരവുകള്‍ എനിക്ക് ഒരു നാളിലും മറക്കാന്‍ പറ്റുന്നതല്ല. ആ യാത്രകള്‍ ഒത്തിരി തിരിച്ചറിവുകള്‍ തരുകയും പല കാര്യങ്ങളിലും പക്വത നേടിത്തരുകയും ചെയ്തു.

നാല് സുവിശേഷകന്മാരുടെ പേരിലുള്ള ഉള്ള നാല് ഹൗസുകള്‍ തമ്മില്‍ സണ്‍ഡേ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തിരിക്കുമ്പോള്‍ ഞാന്‍ ലീഡര്‍ ആയിരുന്ന ഗ്രൂപ്പിനെ മുന്നോട്ടു നയിക്കുവാനും മത്സരത്തില്‍ ജയിക്കുവാനും വളരെയധികം നിര്‍ദേശങ്ങള്‍ തരികയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് മറക്കാന്‍ പറ്റുന്നതല്ല.

പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള തീപ്പെട്ടി അരി ശേഖരണം, സ്‌നേഹിതരെയും ശത്രുക്കളെയും ഉള്‍പ്പെടെ പത്ത് പേരെ ഉള്‍പ്പെടുത്തിയുള്ള പ്രാര്‍ത്ഥനാ ശൃംഖല വഴി ശത്രുക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ ഉള്ള കഴിവ് നേടിയെടുക്കുവാന്‍ സാധിച്ചു.
സിസ്റ്റര്‍ ആനി മരിയ സണ്‍ഡേ സ്‌കൂളിന്റെ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് ആയിരുന്നപ്പോള്‍, സിസ്റ്ററിന്റെ നിര്‍ദ്ദേശാനുസരണം ഒരു കൈയെഴുത്തു മാസിക ‘പ്രകാശം’ ഞാന്‍ പ്രതിനിധാനംചെയ്യുന്ന യോഹന്നാന്‍ ഹൗസിനു വേണ്ടി ചെയ്യുവാന്‍ സാധിച്ചു. അതിനു വേണ്ട സകല പിന്തുണയും പ്രോത്സാഹനവും തന്നു സഹായിച്ചത് സിസ്റ്റര്‍ ആനി മരിയ മാത്രമാണ്.

ചുരുക്കത്തില്‍, കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് ഒരു നേര്‍ വഴികാട്ടിയും, നല്ല മനസ്സോടെ നല്ല ഹൃദയത്തോടെ നല്ല ആത്മാവോടെ നല്ല ചിന്തകളോടെ ജീവിക്കുവാന്‍ ഏറ്റവുമധികം പ്രോത്സാഹനം ഞങ്ങള്‍ക്ക് പങ്കിട്ടു തന്ന, സ്‌നേഹത്തിന്റെയും പുഞ്ചിരിയോടെയും മുഖമായ ഞങ്ങളുടെ ആനി മരിയ സിസ്റ്റര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന ബാഷ്പാഞ്ജലികള്‍ ഹൃദയപൂര്‍വ്വം നേരട്ടെ!

ആനി മരിയ സിസ്റ്റര്‍ ഒരിക്കലും മരിക്കുന്നില്ല… എന്നും ഞങ്ങള്‍ കോട്ടയ്ക്കുപുറംകാരുടെ സ്വകാര്യ അഹങ്കാരമായി ഓര്‍മ്മകളിലൂടെ കോട്ടയ്ക്കുപുറത്തു ജീവിക്കുന്നു. ഞങ്ങളുടെ പ്രവര്‍ത്തികളിലൂടെ സിസ്റ്ററിന്റെ സ്വാധീനം മറ്റുള്ളവരിലേക്ക് പകരുവാന്‍ ശിഷ്യരായ ഞങ്ങള്‍ക്കും എന്നും സാധിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു…

ഞങ്ങള്‍ കോട്ടയ്ക്കുപുറംകാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നത് ഒന്നു മാത്രം.
ഒരു സ്വര്‍ഗ്ഗീയ മധ്യസ്ഥയായി, പ്രത്യേകിച്ച് സിസ്റ്ററിന്റെ കുഞ്ഞുങ്ങളായിരുന്ന ഞങ്ങളുടെ പ്രത്യേക മധ്യസ്ഥയായി, ഞങ്ങള്‍ക്കുവേണ്ടി എന്നും തമ്പുരാനോട് മാധ്യസ്ഥം പ്രാര്‍ത്ഥിക്കുമെന്നുള്ള വിശ്വാസം.

ആദരപൂര്‍വ്വം…
എബിസണ്‍ ജോസ്.