മലയാളികളുടെ പ്രിയപ്പെട്ട യുവതാരവും പാൻ ഇന്ത്യൻ താരവുമായ ദുൽഖർ സൽമാൻ നായകനായി എത്തിയ ‘സിതാരാമം’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖറിന് ഒപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നത്.

ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്ത് ആദ്യമണിക്കൂറുകളിൽ തന്നെ മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച തിരക്കഥ ഗംഭീരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹനു രാഘവപുടി എന്നാണ് ആദ്യപ്രതികരണം. ദുൽഖറും മൃണാളും ഒപ്പം രശ്മിക മന്ദാനയും അവരുടെ വേഷങ്ങൾ ഗംഭീരമാക്കിയെന്നും പ്രേക്ഷകർ പറയുന്നു.

ചിത്രം കണ്ടിറങ്ങിയ ദുൽഖറും മൃണാളും സന്തോഷത്തോടെ സംവിധായകനെ ആശ്ലേഷിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.റിലീസിന് മുമ്പേ തന്നെ 20 കോടിയോളം സ്വന്തമാക്കിയ ചിത്രം തെലുങ്ക് കൂടാതെ തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. മനോഹരമായ പാട്ടുകളും ദൃശ്യങ്ങളും പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയിരിക്കുകയാണ്. വേൾഡ് വൈഡ് റിലീസായ ചിത്രത്തിന് യു എസിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മനോഹരമായ ഒരു പ്രണയകാവ്യമാണ് സീതാരാമം. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ ആണ് സീത എന്ന കഥാപാത്രമായി എത്തുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ എത്തുന്നത്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിവരും ചിത്രത്തിലുണ്ട്.

കശ്മീരും ഹൈദരാബാദുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പി.എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്‌ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.