ഇലന്തൂർ നരബലി കേസിൽ ലോട്ടറി വില്പനക്കാരിയായ റോസ്‌ലിയെ കൊലപ്പെടുത്തിയതിന് കുറ്റപത്രം ഇന്ന് സമർപ്പിക്കും. പെരുമ്പാവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. നരബലി കേസിലെ ഏറ്റവും ക്രൂരവും പ്രൈശാചികവുമായ കൊലപാതകമാണ് റോസ്‌ലിയുടേത്. നരബലി കേസിൽതമിഴ്നാട് സ്വദേശി പത്മ കൊല്ലപ്പെട്ടതിന്റെ കുറ്റപത്രം ജനുവരി ആറിന് സമർപ്പിച്ചിരുന്നു.

റോസ്‌ലിയെ നരബലിക്കായി കട്ടിലിൽ കെട്ടിയിട്ടതിന്റെ തെളിവുകൾ ഫേസ്‌ബുക്ക് ചാറ്റിൽ നിന്നും പൊലീസിന് ലഭിച്ചു. റോസ്‌ലിയെ കൊലപ്പെടുത്തുന്നതിന് മുൻപ് എടുത്ത ചിത്രമാണ് ഫേസ്‌ബുക്ക് ചാറ്റിൽ നിന്നും പോലീസ് വീണ്ടെടുത്തത്. എറണാകുളത്ത് ലോട്ടറി വിൽപ്പന നടത്തിയിരുന്ന റോസ്‌ലിയെ 2022 ജൂൺ എട്ടാം തീയതി മുതലാണ് കാണാതായത്. റോസ്‌ലിയെ നരബലിക്കായി ഷാഫി തട്ടികൊണ്ട് പോകുകയായിരുന്നു. റോസ്‌ലിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങൾ പാകം ചെയ്ത് കഴിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വളരെ ക്രൂരവും പൈശാചികവുമായാണ് പ്രതികൾ റോസ്‌ലിനോട് പെരുമാറിയത്.

അതേസമയം കൊല്ലപ്പെട്ടവർ ഇലന്തൂരിലുള്ള ഭഗൽസിങ്ങിന്റെ വീട്ടിൽ എത്തിയതിന് ദൃക്‌സാക്ഷികൾ ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു. എന്നാൽ പ്രതികളുടെ മൊഴിയും ഡിഎൻഎ ഫിംഗർ പ്രിന്റ് തുടങ്ങിയവയെ പോലീസ് ആശ്രയിക്കുകയായിരുന്നു. കേസിൽ കിട്ടാവുന്ന എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ,വാട്സാപ്പ് ഫേസ്‌ബുക്ക് ചാറ്റുകൾ, തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്. റോസ്‌ലിയെ പൂർണ നഗ്നയാക്കി കട്ടിലിൽ കെട്ടിയിട്ടാണ് കൊലപാതകം നടത്തിയത്. ജീവനോടെ റോസ്‌ലിയുടെ അവയവങ്ങൾ മുറിച്ചെടുത്തതായി പ്രതികൾ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.