ന്യൂസ് ഡെസ്ക്, മലയാളം യുകെ

റഷ്യയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ആറ് ബൾഗേറിയൻ പൗരന്മാരെ യുകെയിൽ ദീർഘകാല തടവിന് വിധിച്ചു. വിമതരായ അലക്സി നവാൽനി, സെർജി സ്ക്രിപാൽ എന്നിവർക്കെതിരായ റഷ്യൻ നാഡി ഏജന്റ് ആക്രമണങ്ങൾ തുറന്നുകാട്ടിയ രണ്ട് പത്രപ്രവർത്തകരെ ലക്ഷ്യമിട്ടതുൾപ്പെടെ യുകെയിലും യൂറോപ്പിലും ഉടനീളം ചാരവൃത്തി പ്രവർത്തനങ്ങളിൽ ഈ സംഘം ഉൾപ്പെട്ടിട്ടുണ്ടെന്ന് ലണ്ടൻ കോടതി കണ്ടെത്തി. പ്രതികളുടെ പ്രവർത്തികൾ യുകെയുടെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് ജഡ്ജി കോടതിയിൽ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചാര സംഘത്തിലെ തലവൻ ഓർലിൻ റൂസെവിന് 10 വർഷവും 8 മാസവും തടവും, ഡെപ്യൂട്ടി ബിസർ ഷാംബസോവിന് 10 വർഷവും 2 മാസവും തടവും വിധിച്ചു. ചാരപ്രവർത്തനങ്ങൾക്ക് സംഘത്തിന് നല്ല പ്രതിഫലം ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സാംബസോവിന്റെ മുൻ പങ്കാളിയായ കാട്രിൻ ഇവാനോവയ്ക്ക് ഒമ്പത് വർഷവും എട്ട് മാസവും തടവ് ശിക്ഷ ലഭിച്ചു. തിഹോമിർ ഇവാൻചേവ്, ഇവാൻ സ്റ്റോയനോവ്, വന്യ ഗബെറോവ എന്നീ മൂന്ന് പേർക്ക് ആറ് മുതൽ എട്ട് വർഷം വരെ തടവ് ശിക്ഷ വിധിച്ചു. റൂസെവ്, ഷാംബാസോവ്, സ്റ്റോയനോവ് എന്നിവർ കുറ്റം സമ്മതിച്ചിരുന്നു. മാർച്ചിൽ നടന്ന ഒരു വിചാരണയിലാണ് ബാക്കിയുള്ള മൂന്ന് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

യുകെ, ഓസ്ട്രിയ, സ്പെയിൻ, ജർമ്മനി, മോണ്ടിനെഗ്രോ എന്നിവയുൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ ഈ സംഘം പ്രവർത്തിച്ചിരുന്നതായി പ്രോസിക്യൂട്ടർമാർ അന്വേഷണത്തിൽ കണ്ടെത്തി. ഈ കേസ്, യുകെയിലെ ഏറ്റവും വലിയ വിദേശ ഇന്റലിജൻസ് പ്രവർത്തനങ്ങളിലൊന്നാണ്. യുകെയിലെ ഒരു ക്രിമിനൽ കോടതിയിൽ ആദ്യമായാണ് ഒരു റഷ്യൻ ഓപ്പറേഷണൽ സ്പൈ സെല്ലിന്റെ ആന്തരിക പ്രവർത്തനങ്ങൾ വിശകലനം ചെയ്‌തത്‌. ലക്ഷ്യങ്ങളുടെ ഫോട്ടോകൾ, വീഡിയോകൾ, തട്ടിക്കൊണ്ടുപോകൽ, കൊല്ലാനുള്ള പദ്ധതികൾ എന്നിവ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. “minions” എന്ന് സ്വയം വിശേഷിപ്പിച്ച ചാര സംഘം റഷ്യയുടെ GRU സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന് കീഴിലാണ് പ്രവർത്തിച്ചിരുന്നത്.