ലണ്ടന്‍: പാരഫിന്‍ അടങ്ങിയ സ്‌കിന്‍ ക്രീമുകള്‍ പെട്ടെന്ന് തീപിടിക്കുന്നവയാണെന്ന് കണ്ടെത്തല്‍. ശരീരത്തില്‍ പുരട്ടിയാല്‍ തീപിടിക്കുമെന്നും ഇതു മൂലം മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. എക്‌സിമ, സോറിയാസിസ് എന്നീ ത്വക്ക് രോഗങ്ങള്‍ക്ക് നല്‍കുന്ന ക്രീമുകള്‍ പാരഫിന്‍ അടങ്ങിയവയാണ്. എന്നാല്‍ ഇവ വസ്ത്രങ്ങളിലും ബെഡ് ഷീറ്റുകളിലും പറ്റുന്നത് അപകടകരമാണെന്ന് ബിബിസി റേഡിയോ 5 ലൈവ് പറയുന്നു.
പത്ത് വര്‍ഷത്തിലധികമായി ഇക്കാര്യത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കി വരുന്നുണ്ട്. എന്നാല്‍ 2010 മുതല്‍ ക്രീമുകള്‍ മൂലം ശരീരത്തില്‍ തീ പിടിച്ച് ഇംഗ്ലണ്ടില്‍ മാത്രം 37 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാരഫിന്‍ അടങ്ങിയ ക്രീമുകള്‍ അപകട സാധ്യത സൂചിപ്പിക്കുന്ന മുന്നറിയിപ്പുകള്‍ നല്‍കണമെന്നാണ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്റ്റ് റെഗുലേറ്ററി ഏജന്‍സിയുടെ പുതുക്കിയ മാനദണ്ഡങ്ങള്‍ പറയുന്നത്.

ലെസ്റ്ററില്‍ 2015 63കാരന്‍ പൊള്ളലേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട ഇന്‍ക്വസ്റ്റില്‍ ബെഡ്ഷീറ്റില്‍ പാരഫിന്‍ അടങ്ങിയ ക്രീമിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ക്രീം പുരട്ടിയ ശേഷം ബെഡില്‍ കിടന്ന് സിഗരറ്റ് വലിച്ചതിനേത്തുടര്‍ന്നാണ് ഇയാളുടെ ശരീരത്തില്‍ തീ പടര്‍ന്ന് പിടിച്ചത്.