ജെഎന്‍യു സമരമുഖത്തെത്തിയ ദീപിക പദുക്കോണിനെതിരെ തലങ്ങും വിലങ്ങും വിമര്‍ശനങ്ങളാണ്. ബിജെപി നേതാക്കള്‍ക്ക് അത്രയങ്ങ് ദഹിച്ചിട്ടില്ല. ഇപ്പോഴിതാ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും എത്തി. ദീപിക പദുകോണിന്റെ രാഷ്ട്രീയബന്ധം എന്താണെന്ന് എനിക്ക് അറിയണമെന്ന് സ്മൃതി പറഞ്ഞു.

എന്തുകൊണ്ടാണ് അവര്‍ സമരക്കാരുടെ ഒപ്പം കൂടിയതെന്ന് വാര്‍ത്ത വായിച്ച എല്ലാവര്‍ക്കും അറിയാം. ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കൂടെയാണ് ദീപിക കൂടിയതെന്നത് ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമല്ല. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗത്ത് ലാത്തികൊണ്ട് കുത്തിയവര്‍ക്കൊപ്പമാണ് ദീപിക ചേര്‍ന്നത്.

2011 ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത് മുതല്‍ ദീപികയുടെ രാഷ്ട്രീയ ബന്ധം അവര്‍ വെളിപ്പെടുത്തിയതാണ്. ജനങ്ങള്‍ ഇപ്പോള്‍ ഇത് കണ്ട് അത്ഭുതപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഈ കാര്യം അറിയാത്തത് കൊണ്ടാണെന്നും സ്മൃതി ഇറാനി പറഞ്ഞു.