ഒപ്പം നിന്ന് പ്രവർത്തിച്ച നേതാവിന്റെ മൃതദേഹം തോളിലേറ്റി അമേഠി എംപി സ്മൃതി ഇറാനി. ഇന്ന് രാവിലെയാണ് അമേഠിയിലെ ബരോലി ഗ്രാമത്തിലെ മുന്‍ ഗ്രാമത്തലവനും സ്മൃതി ഇറാനിയുടെ അടുത്ത സഹായിയുമായ പാര്‍ട്ടി പ്രവര്‍ത്തകനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സുരേന്ദ്രസിങിനെ വീട്ടില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് ഉച്ചയ്ക്കാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സ്മൃതി ഇറാനി എത്തിയത്. കോൺഗ്രസ് മണ്ഡലമായ അമേഠിയിൽ രാജ്യത്തെ ഞെട്ടിച്ച വിജയമായിരുന്നു സ്മൃതി ഇറാനി സ്വന്തമാക്കിയത്. രാഹുൽ ഗാന്ധിയെ 55,000 വോട്ടുകൾക്കാണ് മുൻകേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്. ഇൗ വിജയത്തിന് പിന്നിൽ സജീവമായി പ്രവർത്തിച്ച ആളാണ് സുരേന്ദ്രസിങ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. രാഷ്ട്രീയ വൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് അമേഠി എസ്.പി രാജേഷ്കുമാര്‍ അറിയിച്ചു.