സൂര്യനില്‍ നിന്നുള്ള അസാധാരണ തിളക്കവും ഊര്‍ജ്ജ പ്രവാഹവും ടൈറ്റാനിക്ക് മുങ്ങിയതിന്റെ കാരണമായിട്ടുണ്ടാവാമെന്ന് പുതിയ പഠനം. സൂര്യനില്‍ നിന്നുള്ള അസാധാരണ ഊര്‍ജ്ജ പ്രവാഹം ടൈറ്റാനിക്കിലെ വടക്കുനോക്കിയന്ത്രത്തിന്റെ ഫലത്തെ സ്വാധീനിച്ചിരിക്കാമെന്നും ഇതുമൂലമുണ്ടായ ദിശാവ്യതിയാനമാണ് മഞ്ഞുമലയില്‍ ഇടിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഗവേഷകയായ മില സിന്‍കോവയാണ് ഇത്തരമൊരു നിഗമനം മുന്നോട്ടുവെച്ചിരിക്കുന്നത്.

ടൈറ്റാനിക് മുങ്ങിയ 1912 ഏപ്രില്‍ 15ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സഞ്ചരിച്ച നാവികരുടേയും മുങ്ങിയ ടൈറ്റാനിക്കില്‍ നിന്നും രക്ഷപ്പെട്ടവരുടേയും മൊഴികളും സിന്‍കോവ തന്റെ പഠനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ടൈറ്റാനിക് മുങ്ങിയ ദിവസം ആകാശത്ത് ധ്രുവദീപ്തി കണ്ടിരുന്നുവെന്നാണ് ഇവരില്‍ പലരും പറഞ്ഞിട്ടുള്ളത്. വെതര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപകടത്തിന് മാത്രമല്ല ടൈറ്റാനിക്കില്‍ നിന്നുള്ള അപകട സന്ദേശം പല സമീപത്തെ കപ്പലുകളിലും എത്താതിരുന്നതിന് പിന്നിലും ഈ സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹമാണെന്നും കരുതപ്പെടുന്നു. സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹത്തെ തുടര്‍ന്ന് വടക്കുനോക്കിയന്ത്രത്തില്‍ ഒരു ഡിഗ്രിയുടെ മാറ്റമുണ്ടായാല്‍ പോലും അതിന്റെ ഫലം വളരെ വലുതാകുമെന്നാണ് മില സിന്‍കോവ ഓര്‍മിപ്പിക്കുന്നത്. ടൈറ്റാനിക് അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ലോറന്‍സ് ബോസ്‌ലി അപകടത്തിന് ശേഷം ലൈഫ് ബോട്ടിലിരിക്കേ ആകാശത്തിന്റെ ഒരു കോണില്‍ പ്രകാശം കണ്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ടൈറ്റാനിക്ക് അപകടത്തില്‍ പെട്ടപ്പോള്‍ രക്ഷക്കെത്തിയ ആര്‍എംഎസ് കാര്‍പാത്തിയ എന്ന കപ്പലിലെ സെക്കൻഡ് ഓഫിസറായ ജെയിംസ് ബിസെറ്റും ഇതേ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
അന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ആഢംബര കപ്പലായിരുന്ന ടൈറ്റാനിക് കന്നി യാത്രയിലാണ് മുങ്ങിയത്. ഒരിക്കലും മുങ്ങില്ലെന്ന വിശേഷണത്തിലായിരുന്നു ടൈറ്റാനിക് അവതരിപ്പിക്കപ്പെട്ടത്. 1912 ഏപ്രില്‍ 10ന് സൗത്താംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ടൈറ്റാനിക് ഏപ്രില്‍ 15ന് പ്രാദേശിക സമയം അര്‍ധരാത്രി 11.30ഓടെ മഞ്ഞുമലയില്‍ ഇടിക്കുകയായിരുന്നു. ടൈറ്റാനിക് ദുരന്തത്തില്‍ 1500ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.